സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, യൂത്ത് ക്ലബുകളുടെ സഹകരണത്തോടെ നടത്തുന്ന കേരളോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി കട്ടപ്പന നഗരസഭയിൽ നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാന്റെ അധ്യക്ഷതയിൽ സംഘാടക സമിതി യോഗം ചേർന്നു.

യുവ ജനങ്ങളുടെ സർഗ്ഗശേഷിയെ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. കട്ടപ്പന നഗരസഭയിൽ നവംബർ 6, 8,9 തീയതികളിലാണ് കേരളോത്സവം നടക്കുന്നത്. ഫുട്ബോൾ മത്സരം ഇന്ന് (6) ഉച്ചയ്ക്ക് 1.30 യ്ക്ക് ആരംഭിക്കും. ഉച്ചയ്ക്ക് 12 മണി വരെ രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. ഔപചാരിക ഉദ്ഘാടനം നവംബർ 8 ന് രാവിലെ 8.30 ന് നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കും. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് വിവിധ കമ്മറ്റികൾ രൂപീകരിച്ചു. വിവിധ മത്സരങ്ങളിലെ വിധികർത്താക്കളെ കമ്മറ്റി ഭാരവാഹികൾ നിയോഗിക്കും.

ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, ഷട്ടിൽ, ലോങ് ജമ്പ്, 100, 200, 800 മീറ്റർ ഓട്ടം 400 മീറ്റർ റിലേ തുടങ്ങിയ കായിക മത്സരങ്ങളും വിവിധ കലാ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഫുട്ബോൾ ഒഴികെയുള്ള മറ്റു മത്സരങ്ങളുടെ രജിസ്ട്രേഷൻ 7 ന് വൈകിട്ട് 5 വരെ ഉണ്ടാകും.

യോഗത്തില്‍ വൈസ് ചെയർമാൻ ജോയി ആനിതോട്ടം, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകര്‍, യുവജന സംഘടനാ പ്രതിനിധികള്‍, യൂത്ത് ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവർ പങ്കെടുത്തു.