സുസ്ഥിര ഉത്തരവാദിത്ത ടൂറിസത്തിന് മാര്‍ഗരേഖ തയ്യാറാക്കുന്നതിനുള്ള സർവ്വെ ജില്ലയിൽ തുടങ്ങി.സര്‍വ്വേയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ. ഗീത നിര്‍വ്വഹിച്ചു. ജില്ലയിലെ റിസോര്‍ട്ടുകള്‍, ഹോംസ്റ്റേ, സര്‍വീസ് വില്ലകള്‍ എന്നിവ കേന്ദ്രീകരിച്ചുളള സർവ്വെ , ജില്ലാ ടൗണ്‍ പ്ലാനറുടെ കാര്യാലയം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് നടത്തുന്നത്.

ആദ്യ ഘട്ടത്തില്‍ റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, സര്‍വ്വീസ് വില്ലകള്‍ എന്നിവയുടെ കെട്ടിട നിര്‍മാണ രീതി, ലൊക്കേഷന്‍, മാലിന്യ നിര്‍മാര്‍ജനം, സുസ്ഥിര ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കല്‍ എന്നീ ഘടങ്ങളെ അടിസ്ഥാനമാക്കി യുള്ള വിവര ശേഖരണം നടത്തും. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലി മുഖേനെയാണ് ഫീല്‍ഡ് സര്‍വ്വെ. ചോദ്യാവലി വഴി ശേഖരിച്ച വിവരങ്ങളുടെ ജിയോ ടാഗ് ഡാറ്റബേസ് തയ്യാറാക്കി വിശകലനം ചെയ്യും. ഈ മേഖലയിലെ വിദഗ്ദരുടെയും ഗുണഭോക്താക്കളുടെയും നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തും. ജില്ലയിലെ ടൂറിസം മേഖലയുടെ തുടര്‍ സാധ്യതകള്‍ക്കും പരിസ്ഥിതിയ്ക്കും ഗുണകരമാ കുന്ന രീതിയിലുള്ള വികസന സാധ്യതകള്‍ക്കുള്ള മാര്‍ഗരേഖയാണ് പഠനം കൊണ്ട് ലക്ഷ്യമിടുന്നത്.

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിൽ ജില്ലാ ടൗണ്‍ പ്ലാനര്‍ ഡോ. ആതിര രവി, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി ജയരാജന്‍, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ കെ.എസ് രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ഡി.റ്റി പി സി. പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ടൂറിസ്റ്റ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.