പുതുക്കാട് ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കുട്ടികൾക്കായി കലാ-കായിക മേള ‘ഉണർവ്വ് 2022’ സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ 28 പേർ വിവിധ കലാ-കായിക മത്സരങ്ങളിൽ പങ്കെടുത്തു. പെൻസിൽ ഡ്രോയിംഗ്, ലളിതഗാനം, പ്രച്ഛന്നവേഷം, സിംഗിൾ ഡാൻസ്, 50,100 മീറ്റർ ഓട്ടം, ബക്കറ്റ് പന്ത് കളി, സ്പൂൺ റൈസ്, കസേരക്കളി തുടങ്ങിയ മത്സരങ്ങളാണ് പ്രധാനമായും നടന്നത്.

ഭിന്നശേഷിക്കാർ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ എന്നിവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയാണ് മേള കൊണ്ട് ലക്ഷ്യമിടുന്നത്. 2022-23 വികസന ഫണ്ടിൽ നിന്ന് 50000 രൂപ ചെലവഴിച്ചാണ് ‘ഉണർവ്വ് 2022’ പരിപാടി സംഘടിപ്പിച്ചത്.

ചെങ്ങാലൂർ ഗവ.എൽ പി സ്കൂളിൽ നടന്ന കലാ-കായിക മേള കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ എം ബാബുരാജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാർ, കൊടകര ഐസിഡിഎസ് സൂപ്പർവൈസർ ഡോ. സിന്ധു രാജൻ, പഞ്ചായത്ത് സെക്രട്ടറി ഉമ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.