ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി ബസ് സ്റ്റോപ്പിന് 12 ലക്ഷം

ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു പന്ത്രണ്ട് ലക്ഷം രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. മുകുന്ദപുരം താലൂക്ക് കോൺഫ്രൻസ് ഹാളിൽ നടന്ന മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിലാണ് തീരുമാനം.

അക്ഷയകേന്ദ്രങ്ങളിൽ ഓരോ സേവനങ്ങൾക്കുമുള്ള ഫീസ് ബോർഡിൽ പ്രദർശിപ്പിക്കാൻ യോഗം നിർദേശിച്ചു. നെന്മണിക്കര വില്ലേജിൽ ഉദ്യോഗസ്ഥരുടെ കുറവുമായി ബന്ധപ്പെട്ട കാര്യത്തിൽ ഒഴിവുകൾ നികത്തിവരുന്നതായി തഹസിൽദാർ മറുപടി നൽകി. നെയ്തക്കുടി ഇറിഗേഷൻ പ്രൊപ്പോസൽ സ്ഥലപരിശോധന പൂർത്തിയായതായി മൈനർ ഇറിഗേഷൻ വകുപ്പ് അറിയിച്ചു. പുതുതായി ഓൺലൈനിൽ അപേക്ഷിച്ച 59 റേഷൻ കാർഡുകൾ അനുവദിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു.

പൊഞ്ഞനം ഭാഗത്തെ പൈപ്പ് ലൈൻ ലീക്ക് റോഡ് റീ ടാറിംഗ് നടത്തുന്നതിന് തടസ്സമാകുമെന്നതിനാൽ അടിയന്തിരമായി പരിഹരിക്കുന്നതിന് നിർദേശം നൽകി. തിരക്കേറിയ റോഡിന്റെ വശങ്ങളിലുള്ള പാർക്കിംഗ് ഒഴിവാക്കാൻ സ്റ്റിക്കർ ഒട്ടിക്കൽ, പിഴ അടപ്പിക്കൽ, പെറ്റി കേസ് എടുക്കൽ തുടങ്ങിയ നടപടികൾ സ്വീകരിച്ചുവരുന്നതായി പോലീസ് അറിയിച്ചു. അത് കൂടുതൽ കാര്യക്ഷമമാക്കാൻ സമിതി നിർദേശിച്ചു.

ഇരിങ്ങാലക്കുട ബോയ്സ് സ്കൂൾ മതിൽ തകർന്നത് മൂലം കോമ്പൗണ്ട് ഞവരിക്കുളം ഭാഗത്ത് തുറന്നുകിടക്കുന്നത് സാമൂഹ്യവിരുദ്ധ ശല്യം സൃഷ്ടിക്കുന്നതായും വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് ഉടൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പോലീസ് ചൂണ്ടിക്കാട്ടി.

യോഗത്തിൽ ഇരിങ്ങാലക്കുട നഗരസഭ ഉപാധ്യക്ഷൻ ടി വി ചാർളി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലളിത ബാലൻ, മുരിയാട് പഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി, പൂമംഗലം പഞ്ചായത്ത് പ്രസിഡൻറ് കെ എസ് തമ്പി, കാറളം പഞ്ചായത്ത് പ്രസിഡൻറ് സീമ പ്രേംരാജ്, പുത്തൻചിറ പഞ്ചായത്ത് പ്രസിഡൻറ് രോമി ബേബി, പടിയൂർ പഞ്ചായത്ത് പ്രസിഡൻറ് ലത സഹദേവൻ, തഹസിൽദാർ കെ ശാന്തകുമാരി എന്നിവർ പങ്കെടുത്തു.