ഭിന്നശേഷി കുട്ടികൾക്കായി വനിതാ ശിശു വികസന വകുപ്പും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ‘മഴവില്ല്’ ഭിന്നശേഷി കലാ കായിക മേള ശ്രദ്ധേയമായി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളെയും ഭിന്നശേഷി സൗഹൃദമാക്കുമെന്ന് മന്ത്രി പറഞ്ഞു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടിയിൽ വിവിധ ക്ലാസുകളിൽ പഠിക്കുന്ന നിരവധി കുട്ടികൾ പങ്കെടുത്തു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിന്റെയും ഭാഗമായി സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം കലാപ്രകടനങ്ങളിലൂടെയും ജനപങ്കാളിത്തത്തോടെയും ഏറെ ശ്രദ്ധേയമായി. മത്സരങ്ങളിൽ വിജയിച്ച മത്സരാർത്ഥികൾക്കുള്ള സമ്മാനവും, മറ്റ് മത്സരാർത്ഥികൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും,സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പരിപാടിയിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവരും പങ്കെടുത്തു.