ഏഴ് സ്കൂളുകളിലെ വിവിധ പദ്ധതികൾ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

പൊതുവിദ്യാഭ്യാസ മേഖലയിൽ വൻ കുതിപ്പുമായി വാമനപുരം നിയോജക മണ്ഡലം .
മണ്ഡലത്തിലെ ഏഴ് സ്കൂളുകളിലെ വിവിധ പദ്ധതികൾ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം അക്കാദമിക് നിലവാരം ലോകോത്തരമാക്കുന്ന രീതിയിലാകും സംസ്ഥാന സർക്കാരിൻ്റെ തുടർ നടപടികളെന്ന് മന്ത്രി പറഞ്ഞു.

പനവൂർ ഗ്രാമപഞ്ചായത്തിലെ ആട്ടുകാൽ യു. പി സ്‌കൂളിലെ പുതിയ മന്ദിരം നാടിന് സമർപ്പിച്ചു കൊണ്ടായിരുന്നു വിവിധ പരിപാടികളുടെ തുടക്കം. രണ്ടു കോടി രൂപയോളം ചെലവഴിച്ചാണ് ഇവിടെ 15 ക്ലാസ് മുറികളുള്ള ആധുനിക ബഹുനില മന്ദിരം നിർമ്മിച്ചത്.

കല്ലറ ഗ്രാമപഞ്ചായത്തിലെ പരപ്പിൽ എൽ.പി സ്‌കൂളിലെ സ്‌കൂൾ മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനവും സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവും മന്ത്രി ഉദ്‌ഘാടനം ചെയ്തു.  ഒരു കോടി 10 ലക്ഷം രൂപ മുതൽമുടക്കിൽ ഇരുനില കെട്ടിടമാണ് നിർമ്മിക്കുന്നത്.ആറ് ക്ലാസ്സ്‌ മുറികളും അറ്റാച്ച്ഡ് ബാത്ത്റൂം സൗകര്യങ്ങളോട് കൂടിയാണ് നിർമാണം പൂർത്തിയാക്കുക. കല്ലറ കുറുമ്പയം എൽ.പി സ്‌കൂളിലെ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു. ഒരു കോടി രൂപ വിനിയോഗിച്ചാണ് ഇവിടെ ബഹുനില കെട്ടിടം പണിയുന്നത്.

പാങ്ങോട് ഗ്രാമപഞ്ചായത്തിലെ ഭരതന്നൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ജലഗുണനിലവാര പരിശോധനാ ലാബുകളും കിച്ചൺ, ഡൈനിങ്ങ് ഹാൾ എന്നിവയുടെ നിർമ്മാണോദ്‌ഘാടനവും മന്ത്രി നടത്തി. മണ്ഡലത്തിലെ പത്ത് ഹയർ സെക്കക്കണ്ടറി സ്കൂളുകൾക്കായി  പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ചാണ് ലാബുകൾ സജ്ജീകരിച്ചത്. കിച്ചൺ-ഡൈനിങ്ങ് ഹാളുകൾക്കായി 95 ലക്ഷം രൂപ വിനിയോഗിക്കും. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട നിർദേശങ്ങളും അഭിപ്രായങ്ങളും സ്കൂൾ കുട്ടികളിൽ നിന്നും സ്വീകരിക്കുന്നതിനായുള്ള ചർച്ചയുടെ സംസ്ഥാന തല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു

പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ജവഹർ കോളനി ഹൈസ്കൂളിൽ ബഹുനില കെട്ടിട നിർമ്മാണത്തിന്റെ പ്രവർത്തനങ്ങൾക്കും തുടക്കമായി. നബാർഡ് ഫണ്ടിൽ നിന്നും രണ്ട് കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം പണിയുന്നത്.  കിഫ്ബിയിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് പണിത, പെരിങ്ങമ്മല യു.പി സ്‌കൂളിലെ പുതിയ കെട്ടിടവും മന്ത്രി ഉദ്‌ഘാടനം ചെയ്തു.

നന്ദിയോട് ഗ്രാമപഞ്ചായത്തിലെ പാലോട് എൽ.പി സ്‌കൂളിൽ സ്റ്റാർസ് പദ്ധതിയിലൂടെ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച പ്രീപ്രൈമറി വിഭാഗവും കുട്ടികളുടെ പാർക്കും മന്ത്രി നാടിന് സമർപ്പിച്ചു.

പരിപാടികൾക്ക് ഡി.കെ മുരളി എം.എൽ.എ അധ്യക്ഷത വഹിച്ചു. എ. എ റഹീം എം പി, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവരും പരിപാടികളിൽ സംബന്ധിച്ചു.