സംസ്ഥാന തല ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണ വുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സ്‌കൂള്‍ കുട്ടികളില്‍ നിന്നും സ്വീകരിക്കുന്നതിന്റെ ഭാഗമായ ചര്‍ച്ചയുടെ സംസ്ഥാന തല ഉദ്ഘാടനം ഭരതന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച് വിദ്യാര്‍ത്ഥികളില്‍ നിന്നും നേരിട്ട് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടുന്നത്.
26 ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ട് ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്, സ്‌കൂള്‍ തലങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി വിശദമായ ജനകീയ ചര്‍ച്ചകള്‍ നടത്തി വരികയാണ്. കേരളത്തിലെ എല്ലാ സ്‌കൂളുകളിലും നവംബര്‍ 15നു മുമ്പ് ഒരു ദിവസം നിശ്ചയിച്ച് കുട്ടികളുമായും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തും. ഇത്തരത്തില്‍ ലഭിക്കുന്ന നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് പാഠ്യപദ്ധതി പരിഷ്‌കരണ കമ്മിറ്റിക്ക് നല്‍കും . ജനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിക്കുന്ന ഇത്തരം നിര്‍ദ്ദേശങ്ങളും കൂടി പരിഗണിച്ചാകും പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുന്നത്. 2007 ലാണ് അവസാനമായി സംസ്ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുന്നത്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിന് ഇനി മുതല്‍ മുന്‍ഗണന നല്‍കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ ലോകോത്തര നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഭരതന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ പാചകപ്പുരയുടെയും ഡൈനിങ് ഹാളിന്റെയും നിര്‍മാണ ഉദ്ഘാടനവും ജലഗുണനിലവാര പരിശോധനാ ലാബുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഡി.കെ. മുരളി എം.എല്‍. എ, എ. എ .റഹീം എം.പി തുടങ്ങിയവരും സംബന്ധിച്ചു.