കാര്‍ഷിക അറിവുകള്‍ പുതുതലമുറയ്ക്ക് അന്യമാവുന്ന കാലത്ത് കൃഷിയെയുംം മണ്ണിനെയും പ്രകൃതിയേയും കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നല്‍കുന്ന ‘കൃഷിപാഠം’ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. കൃഷി സംസ്‌കാരമായി മാറുന്ന തരത്തില്‍ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തിലെ കുട്ടികള്‍ക്കായി ആസൂത്രണം ചെയ്തു നടപ്പാക്കുന്ന കൃഷിപാഠം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.

വിദ്യാലയത്തിലും വീട്ടിലും കൃഷിയുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകള്‍ അന്വേഷിച്ചറിയുന്ന യുവതലമുറയെ വാര്‍ത്തെടുക്കുക, വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക ചിന്തകളും അഭിരുചിയും അഭിനിവേശവും വളര്‍ത്തിയെുക്കുക എന്നി ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ഗവേഷണാത്മക രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.

കൃഷി അന്തസ്സുള്ള തൊഴിലും സംസ്‌കാരവുമാണെന്ന് പുതുതലമുറയെ ബോധ്യപ്പെടുത്തുക, ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗം കുട്ടികളില്‍ കാര്‍ഷിക പ്രവര്‍ത്തനത്തില്‍ താല്പര്യമുണ്ടാക്കുക, കാര്‍ഷിക ഉല്പാദന രംഗത്തെക്കുറിച്ചും അതിന്റെ ആധുനിക മാര്‍ഗ്ഗത്തെയും പരിചയപ്പെടുത്തുക, പരമ്പരാഗത അറിവുകള്‍ പകര്‍ന്നു നല്‍കുക, കാര്‍ഷിക മേഖല ജീവിതോപാധി ആക്കുന്നതിനും ആ മേഖലയില്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക, പരിസ്ഥിതി സംരക്ഷണവും പ്രകൃതിയോട് ഇണങ്ങിയ ജീവിത വീക്ഷണവും കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കൃഷിയില്‍ താല്പര്യമുള്ള 50 കുട്ടികളുടെ കൃഷിക്കൂട്ടം രൂപീകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. വിദ്യാലയത്തിലെ ആകെ കുട്ടികളുടെ 10 മുതല്‍ 20 ശതമാനം വരെ കുട്ടികള്‍ അംഗങ്ങളാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പ്രദേശത്തെ മികച്ച കര്‍ഷകര്‍, കൃഷി ഓഫീസര്‍മാര്‍, ശാസ്ത്ര അധ്യാപകര്‍ തുടങ്ങിയവര്‍ അംഗങ്ങളായ വാട്‌സ് ആപ്പ് ഗ്രൂപ്പ് പഞ്ചായത്തടിസ്ഥാനത്തില്‍ രൂപീകരിക്കും. വിദ്യാര്‍ത്ഥികളുടെ ദൈനം ദിന കാര്‍ഷിക പ്രവര്‍ത്തികള്‍ ഇതുവഴി പങ്കുവെക്കാം. കാര്‍ഷിക പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായി ഗ്രൂപ്പില്‍ ചോദ്യങ്ങള്‍ ചോദിക്കാം. കൃഷി ഓഫീസര്‍മാര്‍, കര്‍ഷകര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കും.

പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്ക് ബി.ആര്‍.സി തലങ്ങളില്‍ ഏകദിന പരിശീലനം നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷിക ശില്പശാല സംഘടിപ്പിക്കും. വിദ്യാലയത്തില്‍ നഴ്‌സറികള്‍ സ്ഥാപിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക് നല്ലയിനം വിത്തുകളും തൈകളും വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങളും നടപ്പിലാക്കും. പദ്ധതിയുടെ തുടക്കം എന്ന നിലയില്‍ പദ്ധതിയില്‍ അംഗമാവുന്ന ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വീടുകളില്‍ പരിശീലനം നല്‍കും. വിത്തുകള്‍, തൈകള്‍ മുതലായവ നടുന്നതും പരിപാലനം ചെയ്യുന്നതും രേഖപ്പെടുത്തുകയും പരിശോധിക്കുകയും ചെയ്യും. ലഭിക്കുന്ന ഉല്പന്നങ്ങള്‍ വിദ്യാലയ അടുക്കളയിലേക്ക് വാങ്ങുന്നതിനുള്ള സംവിധാനം ഒരുക്കുകയും ലഭിക്കുന്ന വരുമാനം കൃഷി ക്കൂട്ടത്തിന്റെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയും ചെയ്യും. പദ്ധതിയില്‍ അംഗമാവുന്ന മുഴുവന്‍ വിദ്യാലയങ്ങളിലും കൃഷിത്തോട്ടങ്ങള്‍ ഒരുക്കണം. പച്ചക്കറിത്തോട്ടത്തിലെ ഉല്പന്നങ്ങള്‍ സ്‌കൂള്‍ അടുക്കളയിലും പുറത്തും വില്‍ക്കാം.

നല്ല വിദ്യാലയ പച്ചക്കറിത്തോട്ടവും വിദ്യാര്‍ത്ഥികളില്‍ നിന്ന് നല്ല കര്‍ഷകരെയും തെരഞ്ഞെടുക്കും. ബി.ആര്‍.സി തലത്തിലും ജില്ലാതലത്തിലും വിജയികളെ കണ്ടെത്തി ആദരിക്കുകയും സമ്മാനം നല്‍കുകയും ചെയ്യും. മികച്ച അധ്യാപക കര്‍ഷകരെ തെരഞ്ഞെടുക്കും. കൃഷിക്കൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരിപാലിക്കുന്ന മാഗസിന്‍ തയ്യാറാക്കുകയും വിദ്യാര്‍ത്ഥികളുടെയും വിദ്യാലയങ്ങളുടെയും മികച്ച പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുകയും ചെയ്യും. അധ്യാപകര്‍ക്ക് ആധുനിക മാര്‍ഗ്ഗങ്ങളെ സംബന്ധിച്ച് നിരന്തര ബോധവത്ക്കരണവും, വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ശില്പശാലകളും സംഘടിപ്പിക്കും.