ജില്ലാ പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത് 50 ലക്ഷം രൂപ
ചെന്നീര്‍ക്കര മാത്തൂരില്‍ ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ വിനിയോഗിച്ച് ഖാദി ഉത്പാദന കേന്ദ്രം വരുന്നു. കഴിഞ്ഞ 40 വര്‍ഷമായി ഖാദി ബോര്‍ഡിന്റെ നൂല്‍നൂല്‍പ്പ് പ്രവൃത്തികള്‍ നടക്കുന്ന മാത്തൂരിലെ ഖാദി ബോര്‍ഡ് വക സ്ഥലത്താണ് നിര്‍മാണം ആരംഭിച്ചത്. കെട്ടിടത്തില്‍ നൂല്‍ നൂല്‍പ്പു കേന്ദ്രം, റെഡിമെയ്ഡ് ഗാര്‍മെന്റ് നിര്‍മാണ യൂണിറ്റ് തുടങ്ങിയവയും സ്ഥാപിക്കും.
ഖാദി ഉത്പാദന കേന്ദ്രത്തിന്റെ നിര്‍മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ആധുനിക രീതിയിലുള്ള പുതിയ യന്ത്ര സാമഗ്രികള്‍ ഖാദി ബോര്‍ഡിന്റെ ചുമതലയില്‍ ഇവിടെ സ്ഥാപിക്കുന്നതിലൂടെ കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനം ഈ മേഖലയ്ക്ക് കൈവരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് അധ്യക്ഷത വഹിച്ചു. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഭിലാഷ് വിശ്വനാഥന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കലാ അജിത്ത്, ഖാദി ബോര്‍ഡ് ജില്ലാ പ്രോജക്ട് ഓഫീസര്‍ ആര്‍.എസ്. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.