ജില്ലയിലെ 15 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗമാണ് അംഗീകാരം നല്‍കിയത്. ബ്ലോക്ക് പഞ്ചായത്തുകളായ പന്തളം, പറക്കോട്, ഇലന്തൂര്‍, മല്ലപ്പള്ളി, റാന്നി, ഗ്രാമപഞ്ചായത്തുകളായ വടശേരിക്കര, റാന്നി അങ്ങാടി, മൈലപ്ര, ആനിക്കാട്, വള്ളിക്കോട്, കോഴഞ്ചേരി, കല്ലൂപ്പാറ, തുമ്പമണ്‍, ഓമല്ലൂര്‍, അടൂര്‍ നഗരസഭ എന്നീ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
ഏതെങ്കിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഗുണഭോക്തൃ ലിസ്റ്റ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനുണ്ടെങ്കില്‍ ഇത് അടിയന്തിരമായി ലഭ്യമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ പദ്ധതി നിര്‍വഹണത്തിന് ആവശ്യമായ ഗുണഭോക്തൃ ലിസ്റ്റുകള്‍ ഗ്രാമപഞ്ചായത്തുകള്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. വാര്‍ഷിക പദ്ധതിയില്‍ റിവിഷന്‍ നടത്താനുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എത്രയും വേഗം നടപടികള്‍ പൂര്‍ത്തീകരിച്ച് ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ജില്ലാ അസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാതല ഉദോഗസ്ഥര്‍, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.