അമിത വില, കരിഞ്ചന്ത, പൂഴ്ത്തി വയ്പ്പ് എന്നിവയും പൊതുവിപണിയിലെ അരി വിലക്കയറ്റവും തടയുന്നതിനായി ജില്ലാ കലക്ടര്‍‍ രൂപീകരിച്ച സ്പെഷ്യല്‍ സ്ക്വാഡ് വടകരയിലെ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പരിശോധന നടത്തി. താലൂക്കിലെ മറ്റ് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി വടകരയില്‍ വിവിധയിനം അരികള്‍ക്ക് അമിതവില ഈടാക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി.

എടോടിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ പൊന്നി അരി, കുറുവ അരി, പച്ചരി എന്നിവക്ക് വില കൂടുതലായി ഈടാക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. താലൂക്കിലെ മറ്റു സ്ഥലങ്ങളില്‍ 43 രൂപയ്ക്ക് വില്‍ക്കുന്ന എം. ആര്‍.ഐ ഗോള്‍ഡ് പൊന്നി അരിക്ക് ഇവിടെ 46 രൂപയാണ് ഈടാക്കുന്നത്. ഇത് 44 രൂപയായി കുറച്ച് വില്പന നടത്താൻ ഉടമക്ക് നിർദ്ദേശം നൽകി. കൂടാതെ താലൂക്കിലെ മറ്റ് സ്ഥലങ്ങളില്‍ 51 രൂപയ്ക്ക് വിൽക്കുന്ന നവാബ് ജീര പൊന്നി അരിക്ക് ഇവിടെ 55 രൂപ ഈടാക്കുന്നതായി കണ്ടെത്തി. ഇത് 52 രൂപയാക്കി കുറക്കാനും കുറുവ അരി 38 രൂപയില്‍‌ നിന്നും 36 രൂപയായി കുറയ്ക്കാനും നിർദ്ദേശിച്ചു. പച്ചരി കിലോയ്ക്ക് 28 രൂപ അമിത വില ഈടാക്കുന്നതായി കണ്ടെത്തി. ഇത് 28 രൂപയില്‍ നിന്നും 25 രൂപയായി കുറയ്ക്കാനും നിർദ്ദേശിച്ചു. ഇവിടെ പായ്ക്ക് ചെയ്ത് വില്പന നടത്തുന്ന ഭക്ഷ്യധാന്യങ്ങളില്‍ എം. ആര്‍ പി. കൂടാതെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മറ്റ് രണ്ട് വിലകള്‍ കൂടി രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തി. പായ്ക്ക്ഡ് ഇനമായതിനാല്‍ എം.ആര്‍.പി. മാത്രം രേഖപ്പെടുത്താന്‍ നിര്‍ദേശിച്ചു. കൂടാതെ കൃത്യമായ വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാനും ലീഗല്‍ മെട്രോളജി രേഖകള്‍, ലൈസന്‍സുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കാനും അധികൃതർ ഉടമകൾക്ക് നിര്‍ദേശം നൽകി.

പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള മറ്റൊരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന പരിശോധനയില്‍ 1 കിലോ സാധാരണ പച്ചരിക്ക് 31 രൂപ ഈടാക്കുന്നതായി കണ്ടെത്തി. പച്ചരിയുടെ വില 25 രൂപയായി കുറയ്ക്കണമെന്ന് ഉടമക്ക് കര്‍ശന നിര്‍ദേശം നൽകി. സാധനങ്ങളുടെ ബില്‍ നിര്‍ബന്ധമായും സൂക്ഷിച്ച് വയ്ക്കണമെന്ന് ഉടമയ്ക്ക് താക്കീത് നൽകി. കൂടാതെ പായ്ക്കറ്റ് ഭക്ഷ്യധാന്യങ്ങള്‍ക്ക് എം.ആര്‍പി. മാത്രമേ രേഖപ്പെടുത്താവൂ എന്നും നിര്‍ദേശിച്ചു. പാക്ക്ഡ് സാധനങ്ങളില്‍ എം.ആര്‍പി. രേഖപ്പെടുത്തുമ്പോള്‍ 50 പൈസയ്ക്ക് താഴെയുള്ള വില രേഖപ്പെടുത്തരുതെന്നും നിര്‍ദേശിച്ചു.

പുതിയ ബസ് സ്റ്റാന്‍ഡിന് അടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ വിവിധ അരികള്‍ക്ക് അമിത വില ഈടാക്കുന്നതായി കണ്ടെത്തി. പലഹാരങ്ങള്‍ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്ന സാധാരണ പച്ചരിക്ക് 38 രൂപ ഈടാക്കുന്നതായി കണ്ടെത്തി. ഇത് 25 രൂപയായി കുറയ്ക്കണമെന്ന് നിര്‍ദേശം നൽകി. ഈ ഇനത്തില്‍ പര്‍ച്ചേസ് ബില്‍ പരിശോധനക്കായി ഹാജരാക്കിയില്ല. ഇവിടെ എം ആര്‍ ഐ ഗോള്‍ഡ് പൊന്നി, വെള്ളകുറുവ, മട്ട അരി എന്നിവയ്ക്കും അമിത വില ഈടാക്കുന്നതായി കണ്ടെത്തി. ഇത് കുറയ്ക്കാൻ നടത്തിപ്പുകാരോട് നിര്‍ദേശിച്ചു.

പരിശോധനക്ക് തഹസില്‍ദാര്‍ അശ്വതി ബി.നായര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ സജീവന്‍ ടി .സി., റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ശ്രീധരന്‍ കെ.കെ., ബിനി ജി.എസ്, രാജീവ് ബി.ജെ, ലീഗല്‍ മെട്രോളജി അസിസ്റ്റന്‍റ് മനോജ്കുമാര്‍ കെ. ജീവനക്കാരായ ശ്രീജിത് കുമാര്‍ കെ.പി., വിവേക് പി.പി. എന്നിവർ നേതൃത്വം നൽകി.പരിശോധന റിപ്പോർട്ട് തുടർ നടപടിക്കായി ജില്ലാ കലക്ടർക്ക് സമർപ്പിക്കും.