സമഗ്ര വിദ്യാഭ്യാസ കര്‍മ്മ പദ്ധതി ‘മാനത്തോളം’ പഞ്ചായത്ത്തല ശില്‍പശാല ശ്രീകൃഷ്ണപുരം, കരിമ്പുഴ ഗ്രാമപഞ്ചായത്തുകളില്‍ സംഘടിപ്പിച്ചു. ഒറ്റപ്പാലം നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സമഗ്രമാക്കി ആത്മവിശ്വാസത്തോടെയുള്ള ജീവിതം നയിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയാണ് പദ്ധതി ലക്ഷ്യമെന്ന് ശ്രീകൃഷ്ണപുരത്ത് നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ പറഞ്ഞു. കുട്ടികളുടെ ശാരീരിക മാനസിക വികാസത്തോടൊപ്പം പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റപ്പാലം നിയോജകമണ്ഡലത്തില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിക്കുന്ന വിദ്യാഭ്യാസ കര്‍മ്മ പദ്ധതിയാണ് മാനത്തോളം. പ്രീ പ്രൈമറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയും ബി.എഡ്, ടി.ടി.ഐ, കോളെജ് വിദ്യാര്‍ത്ഥികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ പിന്തുണ നല്‍കുന്ന പദ്ധതിയാണിത്. വിവിധ നിര്‍മ്മാണ തൊഴില്‍ മേഖലകളുമായുള്ള പങ്കാളിത്ത പരിചയം, നീന്തല്‍ പരിശീലനം തുടങ്ങിയവയിലൂടെ കുട്ടികള്‍ക്ക് അവരുടെ അഭിരുചി കണ്ടെത്താനും ആത്മവിശ്വാസം ആര്‍ജ്ജിക്കുന്നതിനും ഉതകുന്നതാണ് മാനത്തോളം പദ്ധതി.
കരിമ്പുഴ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പരിധിയിലെ എല്ലാ സ്‌കൂളുകളിലും പദ്ധതി മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കാനും തീരുമാനമായി. സ്‌കൂളുകള്‍ ആവിഷ്‌ക്കരിക്കുന്ന പരിപാടികള്‍ പഞ്ചായത്ത്തല വിദ്യാഭ്യാസ സമിതിയില്‍ അവതരിപ്പിക്കണം. 2024 മാര്‍ച്ച് 31 നകം ഏഴാംതരം വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കാനും തീരുമാനിച്ചു. അഗ്നിരക്ഷാസേനയുടെയും രക്ഷിതാക്കളുടെയും പിന്തുണയോടെയാണ് കരിമ്പുഴ പഞ്ചായത്തില്‍ പദ്ധതി നടപ്പിലാക്കുക.
ശ്രീകൃഷ്ണപുരത്ത് നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാജിക അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എം. സുകുമാരന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സുമതി, ജനപ്രതിനിധികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. കരിമ്പുഴയില്‍ പഞ്ചായത്ത് ഹാളില്‍ നടന്ന ശില്‍പശാലയില്‍ കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ കുന്നത്ത് അധ്യക്ഷനായി. കരിമ്പുഴ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.എ തങ്ങള്‍, കരിമ്പുഴ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ ടി.പി രാഘവന്‍, പഞ്ചായത്ത് അംഗം എം. മോഹനന്‍ എന്നിവര്‍ സംസാരിച്ചു. സി. രാധാകൃഷ്ണന്‍, എ.പി കേലു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
