സമഗ്ര ശിക്ഷ കേരളം ജില്ലയിലെ തെരഞ്ഞെടുത്ത ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന ‘നൈപുണി വികസനകേന്ദ്രം ‘ പദ്ധതി രൂപീകരണത്തിന്റെ ജില്ലാതല യോഗം ജില്ലാ ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ യോഗം ഉദ്ഘാടനം ചെയ്തു. എ.ഡി.എം എന്‍. ഐ ഷാജു. അധ്യക്ഷത വഹിച്ചു. പ്ലാനിങ് ഓഫീസര്‍ ആര്‍. മണിലാല്‍ മുഖ്യ പ്രഭാക്ഷണം നടത്തി. റീജണല്‍ കോര്‍ഡിനേറ്റര്‍ ഡിലന്‍ സത്യനാഥ് പദ്ധതി വിശദീകരണം നടത്തി.

നൈപുണി വികസനകേന്ദ്രം പദ്ധതിയിലൂടെ ഹയര്‍ സെക്കണ്ടറി വൊക്കേ ഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളില്‍ പ്രാദേശിക പ്രാധാന്യം കണക്കിലെടുത്തു പ്രദേശത്തിന് അനുയോജ്യമായ രണ്ടു വീതം നൈപുണി കോഴ്‌സ്‌കള്‍ തെരഞ്ഞെടുത്തു പരിശീലനം നല്‍കും. വിദ്യാലയങ്ങളില്‍ നിന്നും കൊഴിഞ്ഞു പോയവര്‍, തുടര്‍പഠനം നഷ്ടപെട്ടവര്‍, പിന്നോക്ക മേഖല യിലെ കുട്ടികള്‍, സി.ഡബ്ല്യു.എസ്.എന്‍ കുട്ടികള്‍, തുടങ്ങിയവര്‍ക്ക് സ്‌കൂള്‍ അവധി ദിവസങ്ങളില്‍ ഈ കോഴ്സുകളില്‍ വിദഗ്ധ പരിശീലനം നല്‍കും. ഇതിലൂടെ അവരെ സ്ഥിരവരുമാനത്തിന് പ്രാപ്തമാക്കുകയാണ് ലക്ഷ്യം.

യോഗത്തില്‍ എസ്.എസ്.കെ ജില്ലാ കോര്‍ഡിനേറ്റര്‍ വി.അനില്‍കുമാര്‍, ഹയര്‍ സെക്കന്ററി കോര്‍ഡിനേറ്റര്‍ എം.കെ ഷിവി, വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി കോര്‍ഡിനേറ്റര്‍ ബിനുമോള്‍ ജോസ്, പ്രോഗ്രാം ഓഫീസര്‍ കെ. ആര്‍. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.