നല്ല ജോലിയും ജീവിത മാർഗവും ഉണ്ടാകുന്നത് വഴി സമൂഹത്തിലെ തിന്മയും കുറയുമെന്ന് എം. എം. മണി എം. എൽ. എ. അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന തൊഴിൽ സഭയുടെ ജില്ലാതല ഉദ്ഘാടനം കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്ററിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈറ്റ് കോളർ ജോലി മാത്രമേ ചെയ്യൂ എന്ന് വാശി പിടിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. വിദേശത്ത് ജോലിയും ശമ്പളവും കൂടുതലായതിനാലാണ് നമ്മുടെ നാട്ടിൽ നിന്നും കൂടുതൽ പേര് ജോലി തേടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. വൈറ്റ് കോളർ ജോലി മാത്രമേ ചെയ്യൂ എന്ന വാശി മാറ്റി എല്ലാ ജോലിയും ചെയ്യാൻ തയ്യാറാകണം. ഇന്ന് കേരളത്തിലും ഇന്ത്യയിലും ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ട്. എല്ലാവരും അത് കണ്ടെത്തുകയും പ്രയോജനപ്പെടുത്തുകയും ചെയ്യണം. സംസ്ഥാന സർക്കാർ തൊഴിൽ അന്വേഷിക്കുന്നവർക്കും സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും സഹായകരമായ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തുടനീളം തൊഴിൽ സഭകൾ സംഘടിപ്പിച്ചു വരുന്നതെന്ന് എം. എൽ. എ. കൂട്ടിച്ചേർത്തു.

കേരളം മറ്റ് സംസ്ഥാനനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസത്തിൽ ഏറെ മുന്നിലാണ്. എന്നാൽ എല്ലാവർക്കും തൊഴിൽ കൊടുക്കാൻ പറ്റാത്തത്തത് പരിമിതിയാണെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി കെ. ഫിലിപ്പ് അഭിപ്രായപ്പെട്ടു. കൂടുതൽ വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിനും ജോലി തേടിയും വിദേശങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ വിവിധ വിദേശ ഭാഷകൾ സ്കൂൾ തലം മുതൽ കുട്ടികൾക്ക് പഠിക്കുന്നതിനുള്ള സൗകര്യം കൂടി നമ്മുടെ സ്കൂളുകളിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന പരിപാടിയെ തുടർന്ന് സംരംഭകർ – സംരംഭകത്വ താല്പര്യമുള്ളവർ, ഷി സ്റ്റാർട്ട് കെ-ഡിസ്ക് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തവർ, പ്ലസ് ടു വിദ്യാഭ്യാസത്തിന് താഴെയുള്ള തൊഴിലന്വോഷകർ എന്നിവരുടെ ഗ്രൂപ്പ് ചർച്ചകളും നടന്നു.

അഞ്ച് വർഷം കൊണ്ട് ഇരുപത് ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പരിപാടിയാണ് തൊഴിൽ സഭ. ഇതിന്റെ ഭാഗമായി തൊഴിൽ സംരംഭക സാധ്യതകളും തൊഴിൽ പരിശീലന സാധ്യതകളും തൊഴിൽ അന്വേഷകർക്ക് പരിചയപ്പെടുത്തുന്നതിനാണ് തൊഴിൽ സഭകൾ ചേരുന്നത്. പ്രാദേശിക സാമ്പത്തിക വികസനവും തൊഴിലവസരങ്ങളുടെ സൃഷ്ടിയുമാണ് മുൻഗണനാ ലക്ഷ്യങ്ങൾ .