ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശിശുദിന റാലി കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ വയനാട് ജില്ലാ കളക്ടര്‍ എ. ഗീത ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന റാലി എസ്.കെ.എം.ജെ സ്‌കൂള്‍ പരിസരത്ത് സമാപിച്ചു. പോലീസ് സേനയുടെ തുറന്ന ജീപ്പില്‍ ചെണ്ട വാദ്യത്തിന്റെ അകമ്പടിയോടെ കുട്ടി നേതാക്കള്‍ മുന്നില്‍ നിന്ന് നയിച്ച റാലി വേറിട്ടതായി. കുട്ടികളുടെ നേതൃത്വത്തില്‍ എസ്.കെ.എം.ജെ. ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച ശിശുദിന പൊതു സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി അച്യുത് ആര്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഡീപോള്‍ പബ്ലിക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് അച്യുത് ആര്‍ നായര്‍.

എസ്.കെ.എം.ജെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കുട്ടികളുടെ പ്രസിഡണ്ട് എം.വി. ലിയോസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ മാനന്തവാടി ജി.യു.പി.എസിലെ എലിന്‍ റോസ് മുഖ്യപ്രഭാഷണം നടത്തി. കല്‍പ്പറ്റ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ. ശിവരാമന്‍ ശിശുദിന സന്ദേശം നല്‍കി. ഈ വര്‍ഷത്തെ ശിശുദിന സ്റ്റാമ്പിന്റെ പ്രകാശനം കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ പി.പി. വിനോദ് കുട്ടി നേതാക്കള്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. പ്രസംഗ മത്സര വിജയികളായി കുട്ടികളുടെ നേതാക്കളായവര്‍ക്കും ദേശീയചിത്രരചന മത്സരത്തില്‍ ജില്ലാതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും നഗരസഭ കൗണ്‍സിലര്‍ ടി. മണി സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ശാരദ സജീവന്‍, സെക്രട്ടറി കെ. സത്യന്‍, ജോ. സെക്രട്ടറി കെ. രാജന്‍, ട്രഷറര്‍ സി.കെ. ഷംസുദ്ധീന്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ പി.ആര്‍. ഗിരിനാഥന്‍, കെ.എ. അലിയാര്‍, വിപിന ദിലീപ് എന്നിവർ നേതൃത്വം നല്‍കി. തരിയോട് സെന്റ് മേരീസ് സ്‌കൂളിലെ നിവേദ് ക്രിസ്റ്റി ജെയ്‌സ് ശിശുദിനാഘോഷ ചടങ്ങില്‍ സ്വാഗതവും, മാനന്തവാടി സെന്റ് ജോസഫ് ടി.ടി.ഐ യിലെ ഡിയോണ്‍ ജോസഫ് ഷെമി നന്ദിയും പറഞ്ഞു.