സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും വീടുകളിലും ബാങ്കിങ് സംസ്‌കാരം എത്തിച്ചത് സഹകരണ മേഖലയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യാനന്തര ഇന്ത്യ പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കി. അതിന്റെ ഭാഗമായി പൊതുമേഖലയും സഹകരണ മേഖലയും വലിയ രീതിയില്‍ ശക്തിപ്പെട്ടു. ഇതിനായി ഒട്ടേറെ നടപടികള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യ സ്വീകരിച്ചു. മറ്റ് ബാങ്കുകളെ അപേക്ഷിച്ച് സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് വില്ലേജുകളില്‍ കൂടുതല്‍ ശാഖകള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വ്യവസായം, വാണിജ്യം, ഉപഭോക്തൃ മേഖല തുടങ്ങിയ വിശാലമായ ശൃംഖല സഹകരണ മേഖലയുടേതായി കടന്നുവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പിരായിരി ഹൈടെക് ഓഡിറ്റോറിയത്തില്‍ നടന്ന 69-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്ന ഒട്ടേറെ നടപടികള്‍ മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്വീകരിച്ചുവെന്നും അദ്ദേഹത്തിന്റെ ജന്മദിനമായ ശിശുദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ലോകത്ത് നൂറുകോടിയിലധികം ജനങ്ങള്‍ സഹകരണമേഖലയെ ആശ്രയിക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്ത് സഹകരണ പ്രസ്ഥാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. സഹകരണ മേഖലയ്ക്ക് കൂടുതല്‍ ജനകീയ ബന്ധം ഉണ്ടായി. ഒരു സ്ഥാപനം ഏതെല്ലാം രീതിയില്‍ ജനാഭിമുഖ്യമുള്ളതാണെന്നും അഴിമതി രഹിതമായി പ്രവര്‍ത്തിക്കുന്നുവെന്നതിനും ഉത്തമ ഉദാഹരണമാണ് സഹകരണ പ്രസ്ഥാനങ്ങള്‍.
പ്രാരംഭദശയില്‍ സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയവര്‍ ഓരോ കൃഷിക്കാരുടേയും അടുത്തെത്തുന്ന പ്രവര്‍ത്തന രീതിയാണ് കൈക്കൊണ്ടത്. പിന്നീട് ഏറ്റവും വലിയ ജനകീയ പ്രസ്ഥാനം എന്ന രീതിയില്‍ മേഖല പടിപടിയായി ഉയര്‍ന്നു വന്നു. സംസ്ഥാനത്ത് സഹകരണ പ്രസ്ഥാനം രൂപീകരിക്കുമ്പോള്‍ 3111 സംഘങ്ങളാണ് ഉണ്ടായിരുന്നത്. 66 വര്‍ഷം കൊണ്ട് അഞ്ചിരട്ടിയോളം വര്‍ധനവാണ് ഉണ്ടായത്. സഹകരണ മേഖലയുടെ ജനങ്ങളുമായുള്ള അഭേദ്യമായി ബന്ധം ഇതിലൂടെ വ്യക്തമാണ്. അപെക്‌സ്, ഫെഡറല്‍, സെന്‍ട്രല്‍, പ്രൈമറി തലങ്ങളില്‍ 77 തരം സംഘങ്ങള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ ഒട്ടുമിക്കയാളുകളും ഇന്ന് സഹകരണമേഖലയില്‍ അംഗങ്ങളാണ്.
അടുത്തകാലത്ത് വന്ന ബാങ്കിങ് റെഗുലേഷന്‍ ആക്ട് ഭേദഗതി സഹകരണ സംഘങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണ്. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നേരെ ചുമത്തുന്ന നിയന്ത്രണങ്ങള്‍ക്ക് സമാനമായ നിയന്ത്രണമാണ് ഭേദഗതിയിലൂടെ സഹകരണ ബാങ്കുകളിലും ചുമത്തുന്നത്. കാര്‍ഷിക ബാങ്കുകള്‍ക്ക് പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കാനുള്ള അവകാശം ഭേദഗതിയിലൂടെ നീക്കം ചെയ്തു. സഹകരണ സ്ഥാപനങ്ങളെ ഇന്‍കം ടാക്‌സ് പരിധിയില്‍ ഉള്‍പ്പെടുത്തിയ നിയന്ത്രണങ്ങളും മറ്റൊരു വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശരാശരി 10,000-ല്‍ അധികം അംഗങ്ങളുള്ള സഹകരണ സംഘങ്ങള്‍ക്ക് ഒരുമാസം പിന്‍വലിക്കേണ്ടി വരുന്ന തുക വളരെ വലുതായിരിക്കും. ഇതിന് ആനുപാതികമായി ഭാരിച്ച തുക നികുതിയായി നല്‍കേണ്ടിവരും. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പെന്‍ഷനുകള്‍ക്കുള്ള തുക പിന്‍വലിക്കുമ്പോള്‍ രണ്ട് ശതമാനം നികുതി നല്‍കേണ്ടതായി വരുന്നു. ഇത് സ്ഥാപനങ്ങളെ തകര്‍ച്ചയിലേക്ക് തള്ളിവിടുന്നതിന് കാരണമാകും.
നിക്ഷേപ ഗ്യാരണ്ടി ബോര്‍ഡാണ് സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഗ്യാരണ്ടി നല്‍കുന്നത്. ഇത് തെറ്റിദ്ധരിപ്പിക്കുന്നവിധം കേന്ദ്രസര്‍ക്കാര്‍ ഒരു സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ചില പ്രത്യേക സംഘങ്ങള്‍ക്ക് മാത്രമായി കേന്ദ്രസര്‍ക്കാറിന്റെ ധനസഹായങ്ങള്‍ ചുരുക്കുന്ന സ്ഥിതിയുമുണ്ട്. സഹകരണ മേഖലയുടെ ഭാവി സംബന്ധിച്ച് വലിയ ആശങ്ക ഇതിന്റെ ഭാഗമായി ഉയരുന്നുണ്ട്. 2015 ല്‍ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയില്‍ 17 ശതമാനം ആയിരുന്നു സഹകരണ മേഖലയുടെ പങ്ക്. ഇപ്പോള്‍ അത് 10 ശതമാനത്തിലേക്ക് താഴ്ന്നു.
സഹകരണ മേഖലക്കെതിരെ സംഘടിതമായ നീക്കങ്ങളാണ് നടക്കുന്നത്. അതിനെതിരെ വലിയ ജാഗ്രത സമൂഹത്തില്‍ ഉണ്ടാകണം. അതോടൊപ്പം മേഖലയെ അഴിമതി രഹിതമായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അറിവ് നല്‍കുന്നതിനുള്ള പ്രചാരണ പരിപാടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിപണിയില്‍ സാധനങ്ങളുടെ വില ഉയരുമ്പോള്‍ അത് പിടിച്ചു നിര്‍ത്താന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ മേഖല നടത്തി എന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍. രാജ്യം വലിയ വിലക്കയറ്റം നേരിടുമ്പോള്‍ സംസ്ഥാനത്ത് അതില്ലാതെ പിടിച്ചുനിര്‍ത്തുന്നതിന് സര്‍ക്കാരിനൊപ്പം സഹകരണ മേഖല ബഹുമുഖമായി ഇടപെടല്‍ നടത്തി.
സഹകരണ വകുപ്പിന്റെ ഭവന നിര്‍മ്മാണ പദ്ധതി കെയര്‍ ഹോമിലൂടെ 2091 വീടുകള്‍ ഇതുവരെ നിര്‍മ്മിച്ചു നല്‍കി. കോവിഡ് കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കുന്നതിന് വിദ്യാതരംഗിണി പദ്ധതിയില്‍ 90 കോടി രൂപ പലിശരഹിത വായ്പ വിതരണം ചെയ്തു. കോവിഡ് കാലഘട്ടത്തില്‍ വായ്പക്കാര്‍ക്ക് ആശ്വാസകരമാകുന്ന മൊറട്ടോറിയം, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതികള്‍ നടപ്പാക്കി.
ദുര്‍ബല – പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി സഹകരണ വകുപ്പ് നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. ഭിന്നശേഷിക്കാര്‍ക്ക് സഹകരണം സൗഹൃദം പദ്ധതിയില്‍ സഹകരണ ബാങ്കുകള്‍ മുഖേന 500 പേര്‍ക്ക് നാലു കോടി വായ്പ ലഭ്യമാക്കി. ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് നയിക്കാനുള്ള പ്രവര്‍ത്തനങ്ങളും വകുപ്പ് നടപ്പിലാക്കി. കാര്‍ഷിക മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനം, അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ടര്‍ ഫണ്ട് എന്നിവ നടപ്പിലാക്കി വരുന്നു. ഏകീകൃത ബ്രാന്‍ഡിങിലൂടെ ഗുണമേന്മയുള്ള ഉത്പ്പന്നങ്ങള്‍ വില്‍പ്പന നടത്തി വരുന്നു.
സംസ്ഥാനത്ത് എല്ലാ രംഗത്തും സഹകരണ മേഖല നിറഞ്ഞു നില്‍ക്കുകയാണ്. നിലവില്‍ 16,255 സഹകരണ സംഘങ്ങളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 12,000 സംഘങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. 2026-ഓടെ 40 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. ഇതില്‍ 20 ലക്ഷം തൊഴിലവസരം നൂതന സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ടതാണ്. സഹകരണ മേഖലയിലൂടെ ഒരു ലക്ഷം തൊഴില്‍ നേരിട്ട് നല്‍കുന്നു. കൂടാതെ ചെറുകിട-സൂക്ഷ്മ ഉത്പാദന മേഖലയില്‍ കച്ചവടങ്ങള്‍ക്ക് വായ്പ നല്‍കി. കൂടാതെ 56,279 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.