കുറ്റകൃത്യങ്ങളിൽപ്പെട്ടുപോകുന്നവരെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റുന്നതാകണം നിയമവ്യവസ്ഥയും ശിക്ഷാരീതികളുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ‘കുറ്റവാളികളെ തിരുത്താം കുറ്റകൃത്യങ്ങൾ കുറയ്ക്കാം’ എന്ന മുദ്രാവാക്യവുമായി സാമൂഹികനീതി വകുപ്പും കെൽസയും ചേർന്നു സംഘടിപ്പിച്ച പ്രൊബേഷൻ ദിനാചരണവും ഏകദിന സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കുറ്റകൃത്യങ്ങളുടെ വഴിയിലേക്ക് നീങ്ങുന്നവർക്കു തിരുത്തലുകൾക്ക് അവസരമൊരുക്കുന്ന സമീപനമാണ് ആധുനിക സമൂഹം മുന്നോട്ടുവെക്കേണ്ടതെന്നു മന്ത്രി പറഞ്ഞു. ചെറിയ പ്രായത്തിൽത്തന്നെ കുറ്റകൃത്യങ്ങളിൽപ്പെടുന്നവർ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കാനുള്ള പദ്ധതികൾ കാര്യക്ഷമായി നടപ്പാക്കണം. കുറ്റവാളികളെ പൂർണമായും തിരസ്‌കരിക്കുന്നതിനു പകരം സമൂഹത്തിലേക്ക് മികച്ച പൗന്മാരായി തിരികെയെത്തിക്കേണ്ടത് അനിവാര്യമാണ്. ഇതു സാധ്യമാക്കാൻ കുറ്റവാളികൾക്ക് ശിക്ഷയോടൊപ്പം തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് പ്രോബെഷൻ സംവിധാനം. കുറ്റവാളികളെ നല്ല മനുഷ്യരാക്കി മാറ്റുന്നതിന് സൈക്കോ, സോഷ്യൽ പ്രവർത്തനങ്ങളും പുനരധിവാസവും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
പ്രൊബേഷൻ നിയമം, നിർവഹണം തുടങ്ങി വിവിധ മേഖലകളിൽ വിദഗ്ധർ വിഷയങ്ങൾ അവതരിപ്പിച്ചു. പ്രൊബേഷൻ ഓഫിസർമാർ, കെൽസ പ്രതിനിധികൾ, നിയമ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യറുടെ ജന്മദിനമായ നവംബർ 15 മുതൽ അദ്ദേഹത്തിന്റെ ചരമ ദിനമായ ഡിസംബർ നാല് വരെ പ്രൊബേഷൻ പക്ഷാചരണമായി ആചരിക്കുന്നതിന്റെ ഭാഗമായാണു സെമിനാർ സംഘടിപ്പിച്ചത്.
ഉദ്ഘാടന ചടങ്ങിൽ എം. വിൻസന്റ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. സാമൂഹിക നീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ്, ഡയറക്ടർ എം. അഞ്ജന, തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ്, ജില്ലാ ജഡ്ജും കെൽസ മെമ്പർ സെക്രട്ടറിയുമായ കെ.ടി നിസാർ അഹമ്മദ്, ഡിജി പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ബൽറാം കുമാർ ഉപദ്ധ്യായ്, നാഷണൽ ജുഡീഷ്യൽ അക്കാദമി, ഭോപ്പാൽ മുൻ ഡയറക്ടർ ജി. മോഹൻ കുമാർ, ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ രേഷ്മ ഭരദ്വാജ് തുടങ്ങിയവർ പ്രസംഗിച്ചു.