ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള നിയമസഭ നടത്തിവരുന്ന വിവിധ പരിപാടികളുടെ കയ്പമംഗലം മണ്ഡലതല ആഘോഷങ്ങൾക്ക് തുടക്കം. രണ്ട് ദിവസമായി വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളേജിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിർവഹിച്ചു.
നിയമസഭാ മ്യൂസിയം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമര ചരിത്രം വിശദീകരിക്കുന്ന ഫോട്ടോകളുടെയും വിഡിയോകളുടെയും പ്രദർശനമാണ് സംഘടിപ്പിക്കുന്നത് . സ്വാതന്ത്ര്യസമരത്തിന്റെ നാൾവഴികളും ഉജ്ജ്വലമുഹൂർത്തങ്ങളും ചിത്രീകരിച്ച ലഘുവീഡിയോചിത്രങ്ങളടങ്ങുന്ന പ്രദർശനവും ലഹരിവിരുദ്ധ ബോധവൽക്കരണവും നടത്തി. യൂണിസെഫിന്റെ സഹകരണത്തോടെ ഹയർ സെക്കന്ററി, കോളേജ് വിദ്യാർത്ഥികൾക്കായി കാലാവസ്ഥ വ്യതിയാനം, ദുരന്തനിവാരണം വിഷയങ്ങളിൽ ഏകദിന ശിൽപ്പശാല നടത്തി.
ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എംഇഎസ് അസ്മാബി കോളേജ് പ്രിൻസിപ്പൽ ഡോ. എ ബിജു,എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ, എംഇഎസ് പത്മാവി കോളേജ് സെക്രട്ടറി നവാസ് കാട്ടാക്കത്ത്, പിടിഎ വൈസ് പ്രസിഡന്റ് മുഹമ്മദ് അഷ്റഫ്, നിയമസഭ സെക്രട്ടറിയേറ്റ് അണ്ടർ സെക്രട്ടറി ആർ ബിനു, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, എന്നിവർ പങ്കെടുത്തു