ആലപ്പുഴ: പൊതുവിദ്യാഭ്യാസ ഡയറക്ടർ, അഡീഷണൽ ഡയറക്ടർ എ്‌നിവരുടെ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും സന്നദ്ധസേവകരും അണിനിരന്നപ്പോൾ രണ്ടു ദിവസത്തിനകം 119 സ്‌കൂളുകൾക്ക് പുതുമോടി. പ്രളയബാധിതമായ സ്‌കൂളുകളെ പഴയപടിയിലെത്തിക്കുന്നതിനും 29നും അധ്യയനത്തിന് തുടക്കനിടുന്നതിനുമായാണ് ശുചീകരണ യജ്ഞം തുടങ്ങിയത്. ഡി.പി.ഐ. കെ.വി.മോഹൻകുമാർ തന്നെ മുന്നിൽ നിന്ന് പട നയിക്കാനെത്തിയതോടെ ജീവനക്കാരും അധ്യാപകരും വർധിത വീര്യത്തോടെയാണ് യജ്ഞത്തിൽ പങ്കാളികളായത്.
രണ്ടാം ദിവസത്തെ ശുചീകരണം പൂർത്തിയായപ്പോൾ പ്രളയബാധിതമായ 260 സ്‌കൂളുകളിൽ 119 എണ്ണം ശുചീകരിച്ചു കഴിഞ്ഞു. ക്യാമ്പുകൾ പ്രവർത്തിക്കുന്നതും (148) വെള്ളമിറങ്ങാത്തതുമായ (141) സ്‌കൂളുകളായി 289 എണ്ണം ഇനിയും ബാക്കി നിൽക്കുന്നു. ഇവയിൽ 108 എണ്ണം കുട്ടനാട് മേഖലയിലും 55 എണ്ണം ചെങ്ങന്നൂരുമാണ്. ഇന്നു മുതൽ 30വരെയായി വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ അഞ്ഞൂറോളം സന്നദ്ധഭടന്മാർ എത്തുന്നതോടെ നിശ്ചിതസമയത്തിനകം പരമാവധി സ്‌കൂളും ശുചിയാക്കാനുകുമെന്നാണ് വിശ്വാസം.
രണ്ടാം ദിനമായ ഇന്നലെ രണ്ടു സംഘങ്ങളായാണ് അധ്യാപകസംഘം ശുചീകരണത്തിനിറങ്ങിയത്. ചേർത്തല വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലുള്ള ഒരു സംഘം ചെങ്ങന്നൂർ മേഖലയിലും ആലപ്പുഴ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം ഹരിപ്പാട് മേഖലയിലുമാണ് ശുചീകരണം നടത്തിയത്.
അഡീഷണൽ ഡയറക്ടർ ജിമ്മി കെ.ജോസ്, വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതല വഹിക്കുന്ന ജയകുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ശുചീകരണത്തിന് നേതൃത്വം നൽകി.