ആലപ്പുഴ: ജില്ലയിലെ ദുരിതാശ്വാസക്യാമ്പുകൾ പരമാവധി സ്‌കൂളുകളിൽ നിന്ന് ഒഴിവാക്കാൻ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ പരമാവധി സ്‌കൂളുകൾ ഒഴിവാക്കി ക്യാമ്പുകൾ മറ്റ് സംവിധാനങ്ങളിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. പൊതുമരാമത്തുമന്ത്രി ജി സുധാകരന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇതു സംബന്ധിച്ച് ജില്ല കളക്ടർ എസ്.സുഹാസ് തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി. താനും ധനമന്ത്രി തോമസ് ഐസകും ഭക്ഷ്യമന്ത്രി പി.തിലോത്തമനും മുൻ എം.പി. എസ്.രാമചന്ദ്രൻപിള്ള ഉൾപ്പടെയുള്ളവർ വിവിധ കേന്ദ്രങ്ങളിൽ ശുചീകരണത്തിന് ഇറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
വീട്ടിൽ നിന്ന് വെള്ളം ഒഴിവായവർക്ക് ക്യാമ്പിൽനിന്ന് മടങ്ങാം. എന്നാൽ ഇപ്പോഴും വീട് വെള്ളത്തിൽ ആയവർക്കും വാസയോഗ്യമല്ലാത്ത വീട് ഉള്ളവർക്കും ക്യാമ്പുകളിൽ തുടരാം. സ്‌കൂളുകളിൽ നിന്ന് തിരിച്ചുപോകാൻ കഴിയാതെയുള്ളവരെ അടുത്തുള്ള ഓഡിറ്റോറിയത്തിലോ കല്യാണമണ്ഡപത്തിലോ അല്ലെങ്കിൽ ഹാളിലോ സ്ഥലം കണ്ടെത്തി അങ്ങോട്ടേക്ക് മാറ്റും. ഇതിനുള്ള സൗകര്യം കണ്ടെത്താൻ ജില്ല കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 29 നകം സ്‌കൂളുകളിലെ ക്യാമ്പുകൾ പരമാവധി കുറയ്ക്കാനാണ് നിർദ്ദേശം. അതിനകം സ്‌കൂളുകളുടെ ശുചീകരണം നടത്തും.