അടിയന്തരഘട്ടങ്ങളില്‍ ആവശ്യമായ സഹായം ഒരുക്കുക മാത്രമല്ല തീര്‍ത്ഥാടന പാതയിലെ അപകടങ്ങള്‍ തടയുന്ന ഉത്തരവാദിത്തം കൂടി മോട്ടോര്‍ വാഹനവകുപ്പിന്റെ സേഫ്സോണ്‍ പദ്ധതിക്കുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ശബരിമല പാതകളില്‍ തീര്‍ത്ഥാടകര്‍ക്ക് അടിയന്തര സഹായം നല്‍കുന്നതിനുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ സേഫ് സോണ്‍ പദ്ധതി ഇലവുങ്കലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. കോവിഡിന് ശേഷമുള്ള തീര്‍ത്ഥാടനകാലമായതുകൊണ്ട് തന്നെ ഇക്കുറി നിരവധി ഭക്തര്‍ എത്താന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ തീര്‍ത്ഥാടന പാതയിലുണ്ടാകുന്ന അപകടങ്ങള്‍ തടയുകയെന്ന വലിയ ഉത്തരവാദിത്തമാണ് മോട്ടോര്‍ വാഹന വകുപ്പിനുള്ളത്. കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ സേവനം സ്തുത്യര്‍ഹമായിരുന്നു. ഇത്തവണയും അത് ഏറ്റവും മികച്ചതാക്കണമെന്നും ഇവിടെ ഡ്യൂട്ടിക്കെത്തുന്ന ഓരോരുത്തര്‍ക്കും ജോലി എന്നതിലുപരി ഒരു പുണ്യപ്രവര്‍ത്തിയുടെ നിറവാണ് അനുഭവപ്പെടുകയെന്നും കളക്ടര്‍ പറഞ്ഞു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി നാനൂറോളം കിലോമീറ്റര്‍ റോഡ് സേഫ്‌സോണ്‍ പദ്ധതിയുടെ നിരീക്ഷണത്തിലാണ്. ഇലവുങ്കലില്‍ പ്രധാന കണ്‍ട്രോള്‍ റൂമും എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളില്‍ സബ് കണ്‍ട്രോള്‍ റൂമും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തിര സാഹചര്യമുണ്ടാകുന്ന സ്ഥലത്ത് ഏഴു മിനിറ്റിനുള്ളില്‍ സേഫ്‌സോണ്‍ പ്രവര്‍ത്തകര്‍ എത്തും. മൂന്നു കണ്‍ട്രോള്‍ റൂമുകള്‍ക്കും കീഴിലായി സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും.

അപകടങ്ങള്‍ ഒഴിവാക്കുക, രക്ഷാപ്രവര്‍ത്തനം നടത്തുക എന്നിവയാണ് പ്രധാന ചുമതല. പട്രോളിംഗ് ടീമുകള്‍ 24 മണിക്കൂറും ശബരീ പാതയില്‍ ഉണ്ടാകും. ആംബുലന്‍സ്, ക്രെയിന്‍, റിക്കവറി സംവിധാനത്തോടു കൂടിയ ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെയും വിന്യസിച്ചിട്ടുണ്ട്. മാത്രമല്ല, തീര്‍ഥാടകര്‍ക്ക് അടിയന്തിര സഹായം തേടുന്നതിന് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ സജ്ജീകരിച്ചിട്ടുണ്ട്. സേഫ്‌സോണില്‍ സേവനം അനുഷ്ഠിക്കുന്ന വാഹനങ്ങള്‍ പൂര്‍ണമായും ജിപിഎസ് സംവിധാനം ഉള്ളവയായിരിക്കും. കണ്‍ട്രോണ്‍ റൂമുകളില്‍ നിന്നും ഇവയെ നിരീക്ഷിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യും. രാജ്യത്തെ 30 വാഹന നിര്‍മാതാക്കളുമായി സഹകരിച്ച് തീര്‍ഥാടകരുടെ വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് സേഫ്‌സോണ്‍ പദ്ധതിയില്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

സൗത്ത് സോണ്‍ ഡെപ്യുട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കെ. ജോഷി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, വാര്‍ഡ് അംഗം മഞ്ജു പ്രമോദ്, സെന്‍ട്രല്‍ സോണ്‍  ഡെപ്യുട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഷാജി മാധവന്‍, പത്തനംതിട്ട ആര്‍ ടി ഒ എ.കെ. ദിലു, എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ എന്‍.സി. അജിത്കുമാര്‍, റോഡ് സുരക്ഷാ വിദഗ്ധന്‍ സുനില്‍ ബാബു , ഡിവൈഎസ്പിമാരായ ജി.സന്തോഷ് കുമാര്‍, എം.സി. ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.