മലകയറുന്ന പ്രായമുള്ളവര്‍ക്ക് നടക്കുമ്പോള്‍ ബുദ്ധിമുട്ടനുഭവപ്പെട്ടാല്‍ അവരെ സഹായിക്കുവാന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ട്.
സുരക്ഷിതവും ആരോഗ്യകരവുമായ തീര്‍ത്ഥാടന കാലം ഒരുക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശബരിമല വാര്‍ഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ ബെഡുകളിലും ഓക്‌സിജന്‍ സപ്ലൈ, വെന്റിലേറ്റര്‍, പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍, ഓക്‌സിജന്‍ ബെഡ്, ഇസിജി, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, മള്‍ട്ടി പാരാ മോണിറ്റര്‍, ബൈപാസ് വെന്റിലേറ്റര്‍ തുടങ്ങി ഐ.സി.യു അടക്കമുള്ള അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശബരിമല വാര്‍ഡില്‍ 18 ഉം കാര്‍ഡിയോളജി വിഭാഗത്തില്‍ രണ്ടും അടക്കം ഇരുപത് ബെഡുകള്‍ ഒരുക്കിയിട്ടുണ്ട്.
ജീവന്‍രക്ഷാ മരുന്നുകള്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ലാബ് ടെസ്റ്റുകള്‍ തുടങ്ങി എല്ലാ സേവനങ്ങളും സൗജന്യമായി നല്‍കും. ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത വിധം ശബരിമല വാര്‍ഡിലേക്ക് മാത്രമായി ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍, അറ്റന്‍ഡര്‍മാര്‍ അടക്കമുളള ടീമിന്റെ 24 മണിക്കൂര്‍ സേവനം ഒരുക്കിയിട്ടുണ്ട്. കോന്നി മെഡിക്കല്‍ കോളേജിലും പ്രത്യേക വാര്‍ഡ് ക്രമീകരിച്ചിട്ടുണ്ട്.
ഇത്തവണ പമ്പ കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. തീര്‍ത്ഥാടന പാതയില്‍ ഏതെങ്കിലും തീര്‍ഥാടകന് നെഞ്ചുവേദനയോ ഹൃദയസ്തംഭനമോ ഉണ്ടായാല്‍ അവരുടെ അടുത്തേക്ക് അഞ്ച് മിനിറ്റിനുള്ളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ എത്തി വേണ്ട ശുശ്രൂഷ നല്‍കി പമ്പയില്‍ എത്തിച്ച് ഉടന്‍തന്നെ ജനറല്‍ ആശുപത്രിയിലെത്തിക്കുവാനുള്ള ക്രമീകരണവും ആവശ്യമെങ്കില്‍ കാത്തിരപ്പള്ളിയിലേക്ക് കൊണ്ടു പോകുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കാത്ത് ലാബും, കാര്‍ഡിയോളജിസ്റ്റുകളെയും അധികമായി നിയോഗിച്ചിട്ടുണ്ട്. പള്‍മനോളജിസ്റ്റുകളുടെയും സേവനം ഉറപ്പു വരുത്തി. ആയുഷ് മേഖലയുമായി ബസപ്പെട്ട് ആയുര്‍വേദം, ഹോമിയോ വകുപ്പുകളുമായി സഹകരിച്ച് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നീലിമലയിലും അപ്പാച്ചിമേട്ടിലും കാര്‍ഡിയോളജി സെന്ററുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു.
എമര്‍ജന്‍സി മെഡിക്കല്‍ സെന്ററിലേക്കുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ പരിശീലനീ പൂര്‍ത്തിയാക്കി ചുമതലയേറ്റു. പമ്പയിലും നിലയ്ക്കലും ഉള്ള ആശുപത്രികളിലെ സംവിധാനം കൃത്യമായി ക്രമീകരിച്ചിട്ടുണ്ട്. കോവി ഡാനന്തര രോഗങ്ങളുടെ പശ്ചാത്തലത്തില്‍ ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതലായി ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഈ വര്‍ഷം അധികമായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പേശിവേദന, മസില്‍ പിടുത്തും എന്നിവ ഉണ്ടാകുന്നവര്‍ക്ക് സ്റ്റീം ചേംബര്‍ സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്.
ദേവസ്വം ബോര്‍ഡ്, കെഎസ്ആര്‍ടിസി, പൊതുമരാമത്ത് തുടങ്ങി എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുളളത്. കോവിഡിന്റെ രണ്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞുള്ള തീര്‍ത്ഥാടന കാലമായതിനാല്‍ തിരക്ക് മുന്നില്‍ കണ്ട് തന്നെ ആരോഗ്യകരവും സുരക്ഷിതവുമായ തീര്‍ത്ഥാടന കാലം ഒരുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
നഗരസഭ ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ. എല്‍. അനിതകുമാരി, സൂപ്രണ്ട് ഡോ എ. അനിത, ആരോഗ്യ കേരളം ഡിപിഎം ഡോ. എസ്. ശ്രീകുമാര്‍, ആര്‍എംഒ ഡോ. ആശിഷ് മോഹന്‍ കുമാര്‍, എച്ച്എച്ച്‌സി അംഗങ്ങളായ പ്രൊഫ. റ്റി.കെ.ജി.നായര്‍, എം.ജെ.രവി, റെനീസ് മുഹമ്മദ്, ബി. ഷാഹുല്‍ ഹമീദ്, പി.കെ. ജയപ്രകാശ്, സാം മാത്യു, ബിജു മുസ്തഫ, അന്‍സാരി എസ്. അസീസ്, അഡ്വ. വര്‍ഗീസ് മുളയ്ക്കല്‍, സുമേഷ് ഐശ്വര്യ എന്നിവര്‍ പങ്കെടുത്തു.