ഫുട്‌ബോള്‍ ലോകകപ്പിന്റെ പ്രചാരണത്തിനായി ജില്ലയില്‍ നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ജില്ലാകലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി നിര്‍ദ്ദേശം നല്‍കി. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഫൈനല്‍ മത്സരം തീരുന്നതോടെ ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ ബോര്‍ഡുകളും നീക്കം ചെയ്‌തെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്താനും നിര്‍ദ്ദേശം നല്‍കി. കോട്ടണ്‍ തുണി, പോളി എഥിലീന്‍ പോലെയുള്ള പുനചംക്രമണം ചെയ്യാവുന്ന വസ്തുക്കള്‍ ഉപയോഗിച്ച് മാത്രമേ പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പാടുള്ളൂ.

സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും പിവിസി ഫ്‌ലക്‌സുകളും നിരോധിച്ചിട്ടുള്ളതാണ്. ജൂലൈ ഒന്നുമുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും അനുബന്ധ ഉല്‍പ്പന്നങ്ങളും കേന്ദ്രസര്‍ക്കാരും നിരോധിച്ചിട്ടുണ്ട്. കോട്ടണ്‍തുണി, പേപ്പര്‍ അധിഷ്ഠിത പ്രിന്റിംഗ് രീതികള്‍ക്ക് പ്രാധാന്യം നല്‍കാനും പ്ലാസ്റ്റിക് അധിഷ്ഠിത പ്രിന്റിംഗ് രീതികള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. ഹരിതച്ചട്ടം പാലിച്ച് ഫുട്‌ബോള്‍ ആഘോഷം സംഘടിപ്പിക്കുന്ന കൂട്ടായ്മകളെ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ ആദരിക്കും. നിരോധിത പിവിസി ഫ്ലക്‌സ് വസ്തുക്കള്‍ പ്രിന്റ് ചെയ്യുന്ന സ്ഥലങ്ങളില്‍ പരിശോധനയും കര്‍ശനമാക്കും.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ ലത്തീഫ് എ.വി, ജില്ലാ ശുചിത്വമിഷന്‍ കോർഡിനേറ്റർ കെ. എം.സുനില്‍കുമാര്‍ അസി.കോര്‍ഡിനേറ്റര്‍ കെ.പി രാധാകൃഷ്ണന്‍, ജില്ലായൂത്ത് ഓഫീസര്‍ സനൂപ് സി, പ്രിന്റിംഗ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.