സുല്‍ത്താന്‍ ബത്തേരി: മൂലങ്കാവ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ സി.കെ ഹൈദ്രോസിലൂടെ വയനാട് ദേശീയ അദ്ധ്യാപക പുരസ്‌കാര പട്ടികയില്‍ ഇടംനേടി. കഴിഞ്ഞദിവസമാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പട്ടിക പ്രസിദ്ധീകരിച്ചത്. 2017-ലെ ദേശീയ അദ്ധ്യാപക പുരസ്‌കാരമാണ് ഹൈദ്രോസിനെ തേടിയെത്തിയത്. അവാര്‍ഡ് നേട്ടത്തിന്റെ സന്തോഷത്തിലാണ് കൊളഗപ്പാറ ചോളയിലെ അദ്ദേഹത്തിന്റെ കുടുംബവും. അവാര്‍ഡ് വിവരമറിഞ്ഞ് കുടുംബക്കാരും നാട്ടുകാരും മാഷിന് അഭിനന്ദനങ്ങളുമായി വീട്ടിലെത്തിത്തുടങ്ങി. രണ്ടുവര്‍ഷം മുമ്പാണ് സി.കെ ഹൈദ്രോസ് മൂലങ്കാവ് സ്‌കൂളിന്റെ പ്രധാനാദ്ധ്യാപകനായി എത്തുന്നത്. സ്‌കൂളിനെ നേട്ടങ്ങളുടെ നെറുകയിലെത്തിക്കാന്‍ ഇദ്ദേഹത്തിന്റെ നേതൃപാടവത്തിനു കഴിഞ്ഞതാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സര്‍ക്കാര്‍ സ്‌കൂളിലെ ആദ്യ അടല്‍ ടിങ്കറിംഗ് ലാബ്, സംസ്ഥാനത്തെ മികച്ച പിടിഎ പുരസ്‌കാരം, ഹരിതവിദ്യാലയം പുരസ്‌കാരം, കാലമേളയില്‍ സംസ്ഥാനതലത്തില്‍ മികച്ച വിജയം, അക്കാദമിക് പ്ലാന്‍ എന്നിവ തയ്യാറാക്കല്‍, പാഠ്യ-പാഠ്യേതര രംഗങ്ങളിലെ നേട്ടം തുടങ്ങിയവ പുരസ്‌കാരത്തിന് പരിഗണിച്ചു. ഈ നേട്ടം വിദ്യാലയത്തിന്റെ ജനകീയ മുന്നേറ്റത്തിനുള്ള അംഗീകരമാണെന്നും ഇതു തന്റെ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനും സമര്‍പ്പിക്കുന്നതായും ഹൈദ്രോസ് പറഞ്ഞു. പെരിക്കല്ലൂര്‍ ചോലയില്‍ പരേതരായ കുഞ്ഞഹമ്മദ് മുസ്ല്യാരുടെയും ഫാത്തിമയുടെയും ആറു മക്കളില്‍ നാലാമനായ ഹൈദ്രോസിന്റെ പഠനം പെരിക്കല്ലൂര്‍ ഗവ. സ്‌കൂളിലായിരുന്നു. തുടര്‍ന്നു കോഴിക്കോട് ഗവ. ആര്‍ട്സ്് കോളജില്‍ നിന്നു ബിരുദവും ഫാറൂഖ് കോളജില്‍ നിന്നു ബിഎഡും പൂര്‍ത്തിയാക്കി. തുടര്‍ന്ന് അദ്ധ്യാപകവൃത്തി ആരംഭിക്കുന്നത് 1993-ല്‍ വടുവഞ്ചാല്‍ ഗവ. ഹൈസ്‌കൂളിലാണ്. 2003-08 കാലയളവില്‍ ബീനാച്ചി ബിആര്‍സിയില്‍ ട്രെയിനറായും സേവനമഷ്ഠിച്ചു. 2015-ല്‍ മാതമംഗലം ഗവ. ഹൈസ്‌കൂളില്‍ പ്രധാനാദ്ധ്യാപകനായി. പിന്നീടാണ് മൂലങ്കാവ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തുന്നത്. ഇതിനിടയില്‍ ഇദ്ദേഹം എംഎയും എംഎഡും കൂടി തന്റെ അക്കാദമിക് യോഗ്യതയോട് ചേര്‍ത്തു. ഭാര്യ സഫിയ അമ്പലവയല്‍ ഗവ. സ്‌കൂളില്‍ പ്രൈമറി വിഭാഗം അദ്ധ്യാപികയാണ്. ബിഎസ്സി അഗ്രികള്‍ച്ചര്‍ പൂര്‍ത്തിയാക്കിയ അഫീഫ, രാമനാട്ടുകരയില്‍ ആര്‍ട്ടിടെക്ചറിന് പഠിക്കുന്ന അഫ്സല്‍, മൂലങ്കാവ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഹിബ എന്നിവരാണ് മക്കള്‍.
