കരകൗശല വിദ്യയിലും വിസ്മയം സൃഷ്ടിച്ച അസ്നക്ക് ഭിന്നശേഷിമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതിന്  സംസ്ഥാന പുരസ്കാരം

പഠനത്തിലും എഴുത്തിലും ചിത്രംവരയിലും കരകൗശല വിദ്യയിലും വിസ്മയം സൃഷ്ടിച്ച അസ്നക്ക് ഭിന്നശേഷിമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതിന് സംസ്ഥാന പുരസ്കാരം . കവിതാരചനയിലും ഗ്ലാസ് പെയിന്റിംഗിലും ബോട്ടില്‍ ആ൪ട്ടിലും ക്രാഫ്റ്റ്, അക്രലിംഗ് പെയിന്റിംഗിലും മികവ് കാട്ടിയതിനാണ് പുരസ്കാരം . പത്താം ക്ലാസില്‍ സ്ക്രൈബ് ഇല്ലാതെ തന്റെ പരിമിതികള്‍ ഉപയോഗിച്ച് പരീക്ഷ എഴുതി എല്ലാ വിഷയങ്ങള്‍ക്കും ഉയ൪ന്ന മാ൪ക്ക് നേടി. അസ്നയുടെ ആസ്വാദന കുറിപ്പുകളും ഉമ്മയെന്ന കവിതയും ഇനിയും പൂക്കാത്ത ചെടി എന്ന കവിതയും ശ്രദ്ധ നേടിയവയാണ്. മൈന്റ്, ഇടം, ഗ്രാമദ൪ശനം എന്നീ മാസികകള്‍ അസ്നയുടെ കഥകള്‍, കവിതകള്‍ എന്നിവ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ക്വിസ് ശാസ്ത്രോത്സവ് 2019 ല്‍ ഫസ്റ്റ് പ്രൈസ്, എന്റെ ശാസ്ത്രജ്ഞന്‍ ഉപജില്ല സെക്കന്റ് പ്രൈസ്,, ബിആ൪സി മാള സയന്‍സ് ക്വിസ് എന്നിവയില്‍ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.2020 ല്‍ വനിത ശിശു വികസന വകുപ്പിന്റെ ഉജ്ജ്വല ബാല്യ അവാ൪ഡ് നേടിയിട്ടുണ്ട്. ഒന്നര വയസ്സില്‍ സ്പൈനല്‍ മസ്കൂലാ൪ അട്രോഫി ബാധിച്ച കെ.എസ് അസ്ന ഷെറിന് മികച്ച സര്‍ഗാത്മകകഴിവുള്ള പുരസ്കാരമാണ് നേടിയത്.

കായിക തിളക്കത്തിന് വിഷ്ണുവിന് സംസ്ഥാന പുരസ്കാരം

പഠനത്തിലും കായിക ഇനത്തിലും ഒരുപോലെ മികവ് പുല൪ത്തിയ വിഷ്ണു പി വി (സെറിബ്രല്‍ പാള്‍സി) മികച്ച ഭിന്നശേഷി കായിക താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയാണ് ജില്ലയ്ക്ക് അഭിമാനമായത്. നീന്തലില്‍ സംസ്ഥാന ദേശിയ മത്സരങ്ങളില്‍ സ്വ൪ണ്ണ മെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട് വിഷ്ണു. 2017 ലെ ഫിസിക്കലി ചലഞ്ച്ഡ് സ്വിമ്മിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ, സെറിബ്രല്‍ പാഴ്സി ഗെയിംസ് 2018 ഗുജറാത്ത് ,

ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള 2019 & 2020 മത്സരങ്ങളില്‍ ഫ്രീ സ്റ്റൈൽ, ബാക്ക് സ്റ്റോക്ക് എന്നീ ഇനങ്ങളില്‍ ഫസ്റ്റ് പ്രൈസ് ലഭിച്ചിട്ടുണ്ട്.

ഭിന്നശേഷി മേഖലയിലെ മികച്ച തൊഴിൽ ദായകർ വിഭാഗത്തിൽ ഇയാനു പുരസ്കാരം

ഭിന്നശേഷി മേഖലയിലെ മികച്ച തൊഴിൽ ദായകർ വിഭാഗത്തിൽ ഇയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റെഷന്‍ & റിസര്‍ച്ച് ഡയറക്ടര്‍ റോസ്മിന്‍ മാത്യു പുരസ്കാരം സ്വന്തമാക്കി. ഭിന്നശേഷി കുട്ടികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ചികിത്സയും തെറാപ്പിയും പരിശീലനം ഒരുക്കുന്ന സ്ഥാപനമായ ഇയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റെഷൻ ആന്റ് റിസർച്ചിൽ 39 ജീവനക്കാരില്‍ 11 ജീവനക്കാ൪ ഭിന്നശേഷി വിഭാഗത്തിലുള്ളതാണ്. എല്ലാ വ൪ഷവും മാ൪ച്ച് 29 ന് ഭിന്നശേഷിക്കാരുടെ കലാപരിപാടികളും ഭാവി പരിപാടികളുടെ ആസൂത്രണത്തോടു കൂടി ഇയാൻ ഡേ ആചരിക്കുന്നു. 30 കുട്ടികളോട് കൂടി ആരംഭിച്ച ഈ സ്ഥാപനം ഇന്ന് 200 ഓളം ഭിന്നശേഷിക്കാ൪ക്ക് വ്യത്യസ്തമായ പ്രവ൪ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്നുണ്ട്.