14,223 കർഷകർക്കുള്ള ഇൻഷ്വറൻസ് തുക 22.83 കോടി രൂപ കൈമാറി

സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തൃശ്ശൂർ യൂണിറ്റും ചേർപ്പ് ഗ്രാമപഞ്ചായത്തും സംയുക്തമായി ചേർപ്പ് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച സംയോജിത ബോധവൽക്കരണ പരിപാടിയും ആസാദി കാ അമൃത് മഹോത്സവ് പ്രദർശനവും ടി എൻ പ്രതാപൻ എംപി ഉത്ഘാടനം ചെയ്തു.

ഗാന്ധിജിയുടെ പാദസ്പർശമേറ്റ ചേർപ്പിൽ വച്ച് ആസാദി കാ അമൃത് മഹോത്സവം പ്രദർശനവും ബോധവത്കരണവും സംഘടിപ്പിച്ചതിൽ സന്തോഷമുണ്ടെന്നും നമ്മൾ ഓർമ്മകളുള്ളവരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ പെരുവനം കുട്ടൻ മാരാരേയും കർഷകനും സാമൂഹ്യ പ്രവർത്തകനുമായ കെ കെ കൊച്ചുമുഹമ്മദിനെയും ആദരിച്ചു. പ്രധാനമന്ത്രി ഫസൽ ബീമാ യോജനയുടെ തൃശൂർ ജില്ലയിലെ 14223 കർഷകർക്കുള്ള ഇൻഷ്വറൻസ് ക്ലയിം തുകയായ 22,82,52,580 രൂപയുടെ ചെക്ക് എംപി കൈമാറി. പരിപാടിയുടെ മുന്നോടിയായി വിളംബര റാലി സംഘടിപ്പിച്ചു.

ചടങ്ങിൽ ചേർപ്പ് പഞ്ചായത്ത് പ്രസിഡൻ്റ് സുജീഷ കള്ളിയത്ത് അദ്ധ്യക്ഷത വഹിച്ചു. ഫീൽഡ് എക്‌സിബിഷൻ ഓഫീസർ പൊന്നുമോൻ സ്വാഗതവും സിബിസി ഉദ്യോഗസ്ഥൻ അംജിത്ത് ഷേർ നന്ദിയും പറഞ്ഞു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ വിദ്യ രമേഷ്, മെമ്പർ ശ്രുതി ശ്രീ ശങ്കർ, അഗ്രികൾച്ചറൽ ഇൻഷ്വറൻസ് കമ്പനി ഓഫ് ഇന്ത്യ ഡെപ്യൂട്ടി മാനേജർ ഡോ.പ്രസീദ, അസിസ്റ്റൻ്റ് ഡയറക്ടർ, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ സുധ നമ്പൂതിരി, സി ഡി എസ് ചെയർപേഴ്സൺ ശ്രീവള്ളി എന്നിവർ പങ്കെടുത്തു.

നേരത്തേ മാനസികാരോഗ്യം, കാർഷിക പോസ്റ്റൽ ഇൻഷ്യറൻസ് എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ നടന്നു. ഉച്ചയ്ക്ക് ശേഷം കേന്ദ്ര സോംഗ് ആൻ്റ് ഡ്രാമ കലാകാരന്മാരായ തണ്ണീർമുക്കം സദാശിവൻ കഥാപ്രസംഗവും മജീഷ്യൻ അനിൽ മാജിക്കും അവതരിപ്പിച്ചു.

രണ്ടാം ദിവസവായ നാളെ ആയുഷ് മിഷന്റെ സാജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ്, യോഗാ ക്ലാസ്സ്, ഫയർ ആൻ്റ് സേഫ്റ്റി ക്ലാസ്സ്, ഗാനമേള എന്നിവ ഉണ്ടായിരിക്കും. മൂന്നാം ദിവസമായ വെള്ളിയാഴ്ച സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ്, വിമുക്തി ലഹരി വിരുദ്ധ ക്ലാസ്സ്, പൊതുജനാരോഗ്യ ക്ലാസ്സ് എന്നിവയ്ക്ക് പുറമേ ഭരതനാട്യവും അരങ്ങേറും. കൂടാതെ തപാൽ വകുപ്പിൻ്റെ സ്റ്റാളിൽ ആധാർ സംബന്ധിച്ച എല്ലാ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്