അന്നമനട പഞ്ചായത്തിൻറെ സുസ്ഥിര വികസന പ്രവർത്തനങ്ങളെ കുറിച്ചറിയാൻ മിസോറാം സംഘമെത്തി. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന നാഷണൽ കോൺഫറൻസിന്റെ ഭാഗമായാണ് സംഘത്തിന്റെ സന്ദർശനം. പഞ്ചായത്തിൻറെ വിവിധ പദ്ധതികളെപ്പറ്റി ചർച്ച നടത്തി.

പഞ്ചായത്തിൻറെ മികച്ച പദ്ധതികളായ ‘ഓരോ വീട്ടിലും ഓരോ തറി’, മികവിന്റെ കേന്ദ്രം, സ്പോർട്സ് അക്കാദമി, വിജയഭേദി എന്നിവയുടെ പ്രവർത്തനങ്ങൾ സംഘം മനസിലാക്കി. പഞ്ചായത്തിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവ. യു പി സ്കൂളിലെ ‘മലർവാടി’യും സംഘം സന്ദർശിച്ചു.

മിസോറാമിലെ ഉദ്യോഗസ്ഥരായ ലാൾതൻമാവിയ റാൾട്ട്, ഡോ. എച്ച്. റോസൻഗ്പുയ, വില്ലേജ് കൗൺസിൽ മെമ്പർമാരായ ലാൾഗ്വാമി, ആർ. ലാൾബയാക്ഡികി എന്നിവരടങ്ങിയ നാലംഗസംഘമാണ് സന്ദർശനം നടത്തിയത്.

അന്നമനട പഞ്ചായത്ത് പ്രസിഡൻ്റ് പി വി വിനോദ്, പഞ്ചായത്ത് അംഗങ്ങൾ, വെള്ളാങ്ങല്ലുർ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സൂജൻ പൂപ്പത്തി, കില ഫാക്കൽറ്റി അംഗം ഫമിത, ട്രാൻസിലേറ്റർ മിനി തുടങ്ങിയവർ സംഘത്തെ സ്വീകരിച്ചു.