ആഗോള പ്രമേഹദിനത്തിൽ ചാലക്കുടി നഗരസഭ വി ആർ പുരം നഗര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി അർബൻ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
ക്യാമ്പിൽ ഡയബറ്റിക് റെറ്റിനോപതി സ്ക്രീനിംഗ്, പ്രമേഹം-രക്തസമ്മർദ-കാഴ്ച പരിശോധനകൾ, സൗജന്യ മരുന്ന് വിതരണം എന്നിവയും നടന്നു. മെഡിക്കൽ ക്യാമ്പിന് നേത്രരോഗ വിദഗ്ദൻ ഡോ. അനൂപ്, ത്വക്ക് രോഗ വിദഗ്ദൻ ഡോ. ഹേമന്ത്, ഒപ്റ്റോമെട്രിസ്റ്റ് ഷീജ, മെഡിക്കൽ ഓഫീസർ ഡോ.വിബിൻ ചുങ്കത്ത് എന്നിവർ നേതൃത്വം നൽകി.
ക്യാമ്പ് നഗരസഭ കൗൺസിലർ ഷിബു വാലപ്പൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു, മെഡിക്കൽ ഓഫീസർ ഡോ. വിബിൻ ചുങ്കത്ത്, ആശാ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.