പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന എ.ബി.സി.ഡി ക്യാമ്പിന് എടവക ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. രണ്ടേനാല്‍ ദീപ്തിഗിരി സണ്‍ഡേ സ്‌കൂളില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് അധ്യക്ഷത വഹിച്ചു.

എടവക ഗ്രാമ പഞ്ചായത്തിലെ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട രണ്ടായിരത്തോളം ഗുണഭോക്താക്കള്‍ക്ക് അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പിന്റെ പ്രയോജനം ലഭിക്കും. എ.ബി.സി.ഡി ക്യാമ്പ് നടക്കുന്ന ജില്ലയിലെ ഒമ്പതാമത്തെ പഞ്ചായത്താണ് എടവക ഗ്രാമ പഞ്ചായത്ത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിലൂടെയാണ് സേവനം ലഭ്യമാക്കുന്നത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ആധികാരിക രേഖകളാണ് സേവന കൗണ്ടറുകളിലൂടെ ലഭ്യമാക്കുക. അക്ഷയയുടെ 30 കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.
വിവിധ കാരണങ്ങളാല്‍ രേഖകള്‍ ഇല്ലാത്തവര്‍ക്കും നഷ്ടപ്പെട്ടവര്‍ക്കും വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെവരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. രേഖകളുടെ തെറ്റു തിരുത്തുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. രേഖകള്‍ ഇല്ലാത്തവര്‍ക്ക് പുതിയ രേഖകള്‍ ക്യാമ്പില്‍നിന്നും നല്‍കും. രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഡിജിറ്റല്‍ ലോക്കര്‍ സൗകര്യവും ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം, എടവക ഗ്രാമ പഞ്ചായത്ത്, ജില്ലാ ഐ.ടി മിഷന്‍, സിവില്‍ സപ്ലൈസ് വകുപ്പ്, അക്ഷയ കേന്ദ്രം, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് എ.ബി.സി.ഡി ക്യാമ്പ് നടക്കുന്നത്. നാളെ (വെള്ളി) വൈകുന്നേരം 5 ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ കളക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ജെന്‍സി ബിനോയ്, ശിഹാബ് അയാത്ത്, വാര്‍ഡ് മെമ്പര്‍മാരായ എം.പി വല്‍സന്‍, ഗിരിജ സുധാകരന്‍, സുജാത സുരേഷ്, ഡെപ്യൂട്ടി കളക്ടര്‍ കെ. ഗോപിനാഥ്, ജില്ലാ സപ്ലൈ ഓഫീസര്‍ പി.എ സജീവ്, തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എന്‍. നവനീത്കുമാര്‍, ഫാ. ചാണ്ടി പുനക്കാട്ട്, വി.സി മനോജ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

റേഷന്‍ കാര്‍ഡ് വിതരണം ചെയ്തു

എടവക എ.ബി.സി.ഡി ക്യാമ്പില്‍ മാട്ടുമ്മല്‍ കോളനിയിലെ അനിതയ്ക്ക് ജില്ലാ സപ്ലൈ ഓഫീസര്‍ പി.എ സജീവ് റേഷന്‍കാര്‍ഡ് നല്‍കി. 21 അപേക്ഷകളില്‍ 10 കാര്‍ഡുടമകള്‍ക്ക് പൊതുവിതരണ വകുപ്പ് മുന്‍ഗണനാ, മുന്‍ഗണനേതര കാര്‍ഡുകള്‍ നല്‍കി. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ്, ഡെപ്യൂട്ടി കളക്ടര്‍ കെ. ഗോപിനാഥ്, താലൂക്ക് സപ്ലൈ ഓഫീസര്‍ നിധിന്‍ മാത്യു കുര്യന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിന്ദു, എ.ടി.ഡി.ഒ സിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.