സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ”മുതിര്‍ന്നവരുടെ വിദ്യാഭ്യാസവും തുടര്‍വിദ്യാഭ്യാസവും”എന്ന വിഷയത്തില്‍ ജില്ലാതല ശില്‍പശാല നടന്നു. തുടര്‍വിദ്യാഭ്യാസത്തിന്റെ ഭാഗമായി സാക്ഷരരായവര്‍ക്ക് നാലാം ക്ലാസ്, ഏഴാം ക്ലാസ്, പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ തുല്യത ഉറപ്പാക്കുന്ന സംവിധാനം സംസ്ഥാന സാക്ഷരതാ മിഷനിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. ഇതിന്റെ ഭാഗമായി എസ്.ഇ.ആര്‍.ടിക്ക് പാഠ്യപദ്ധതിയെക്കുറിച്ച് ദിശാബോധ ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് ശില്‍പശാല നടന്നത്. ചര്‍ച്ചയില്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി മുതിര്‍ന്നവരുടെ തുല്യതാ സര്‍ട്ടിഫിക്കറ്റില്‍ പഠിതാക്കളുടെ തൊഴില്‍ നൈപുണികള്‍ കൂട്ടിച്ചേര്‍ക്കുക, ഡിജിറ്റല്‍ സാക്ഷരത, ഭരണഘടനാ മൂല്യങ്ങള്‍, സാങ്കേതിക സാക്ഷരത, നിയമ സാക്ഷരത, സാമ്പത്തിക സാക്ഷരത, ട്രാഫിക് സാക്ഷരത, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടെ ജീവിതത്തെ കൂടി ഉള്‍ച്ചേര്‍ക്കും വിധം മുതിര്‍ന്നവരുടെ പാഠ്യ പദ്ധതികള്‍ പരിഷ്‌കരണം, മുതിര്‍ന്നവരുടെ നിലവിലുള്ള വിദ്യാഭ്യാസ രീതികളില്‍ മാറ്റം വരുത്തേണ്ട പാഠ്യ പ്രവര്‍ത്തനങ്ങള്‍, ഗ്രാമപഞ്ചായത്ത്തലം മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മുതിര്‍ന്നവരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലുള്ള പങ്കാളിത്തം സാധ്യമാക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ച ചെയ്തു. ശില്‍പശാല ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.കെ സ്വയ അധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. ടി. മനോജ് കുമാര്‍ വിഷയാവതരണം നടത്തി. അരവിന്ദന്‍ മങ്ങാട്ടില്‍ ചര്‍ച്ച നയിച്ചു. ഗ്രൂപ്പ് ചര്‍ച്ചയില്‍ മാനന്തവാടി ബ്ലോക്കിനെ ഷാജുമോന്‍, കല്‍പ്പറ്റ ബ്ലോക്കിനെ ഗ്ലാഡിസ് ഷിബു, പനമരം ബ്ലോക്ക് ബേബി ജോസഫ്, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് ഷിന്‍സി റോയി എന്നിവര്‍ നയിച്ചു. മുതിര്‍ന്ന സാക്ഷരതാ പ്രവര്‍ത്തകരായ കെ.വി വത്സല, സി.കെ സരോജിനി, ബേബി ജോസഫ്, എം. പുഷ്പലത എന്നിവര്‍ സംസാരിച്ചു. പ്രേരക്മാരായ തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, പഠിതാക്കളുടെ പ്രതിനിധികള്‍, മുതിര്‍ന്ന സാക്ഷരതാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.