‘നീരുറവ്’ സമഗ്ര നീർത്തടാധഷ്ഠിത പദ്ധതിയുടെ ഭാഗമായി നരിപ്പറ്റ ഗ്രാമപഞ്ചായത്തിൽ നീർത്തട നടത്തം സംഘടിപ്പിച്ചു. പഞ്ചായത്തിലെ മുഴുവൻ നീർത്തടങ്ങളും നേരിൽ സന്ദർശിച്ച് വികസന പദ്ധതികൾ തയ്യാറാക്കുന്നതിന് മുന്നോടിയായാണ് നീർത്തട നടത്തം സംഘടിപ്പിച്ചത്.
നീർത്തട പരിസരത്തെ ഭൂഗർഭ ജലവിതാനം ഉയർത്തുക, ജലസേചന പദ്ധതികൾ, തോട് സംരക്ഷണം, നീരുറവ സംരക്ഷണം, കുളം നവീകരണം, ഭൂമിയുടെ ഉത്പാദനക്ഷമത വർധിപ്പിക്കൽ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. തൊഴിലുറപ്പ് പദ്ധതി മുഖേനയാണ് ഇത് നടപ്പാക്കുക.
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി.
പരിപാടി കൈവേലി തോടിനടുത്ത് പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു. എല്ലാ വാർഡുകളിലും നീർത്തട നടത്തം പൂർത്തിയാക്കി, എന്തൊക്കെ പ്രവർത്തികൾ ഏറ്റെടുക്കണമെന്ന വിവരങ്ങൾ ശേഖരിച്ച് 21ന് പഞ്ചായത്ത് കമ്മിറ്റിയെ ഏൽപ്പിക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ബീന വി.കെ. അധ്യക്ഷയായി. തൊഴിലുറപ്പ് എ ഇ ഐശ്വര്യ പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ടി കെ, പദ്ധതിയുടെ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ വി നാണു മറ്റ് ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.