വേളം ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ സ്മാർട്ടാകുന്നു. സംസ്ഥാന സർക്കാരിന്റെയും ശുചിത്വമിഷന്റെയും ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം പദ്ധതിയുടെ പ്രാഥമിക ഘട്ടമായ ക്യൂ ആർ കോഡ് പതിക്കൽ പഞ്ചായത്തിൽ പൂർത്തിയായി. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ ആർ കോഡ് പതിച്ചു.

സെപ്തംബർ 27നാണ് പഞ്ചായത്തിൽ ഹരിതമിത്രം പദ്ധതിയുടെ ഭാഗമായുള്ള ക്യൂ ആർ കോഡ് പതിക്കൽ ആരംഭിച്ചത്. ഹരിത കർമ്മസേനാംഗങ്ങളും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുമാണ് ഇതിന് നേതൃത്വം വഹിച്ചത്. സാങ്കേതിക മേൽനോട്ടം വഹിച്ചത് കെൽട്രോണാണ്.

പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ക്യൂ ആർ കോഡ് പതിക്കൽ പൂർത്തിയായതിന്റെ പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് കെ.സി. ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ അംഗങ്ങളായ സറീന നടുക്കണ്ടി, വി.പി. സുധാകരൻ മാസ്റ്റർ, എം.സി. മൊയ്‌ദു, പഞ്ചായത്ത് സെക്രട്ടറി രാമചന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മഠത്തിൽ ശ്രീധരൻ, വി.പി. ശശി നിർവഹണ ഉദ്യോഗസ്ഥർ, ഹരിത കർമ്മസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.