ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2021- 22 വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച ‘യെസ് അയാം’ വനിത-പിങ്ക് ഫിറ്റ്നസ് സെന്റർ വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്തു. ജെൻഡർ ബഡ്ജറ്റിംഗ് എന്ന ആശയത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നടപ്പിലാക്കുന്നത് മാതൃകാപരമായ പ്രവർത്തനങ്ങളാണെന്ന് അവർ പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ ആദ്യമായി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിലാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. വനിതകൾക്ക് അവരുടെ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും മികച്ച ആരോഗ്യം നിലനിർത്തുന്നതിനും സഹായകരമാവുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം നൽകിയത്. മിതമായ നിരക്ക് മാത്രമാണ് ഫിറ്റ്നസ് സെന്ററിൽ ഈടാക്കുക. നരിക്കുനി ബ്ലോക്ക് സാക്ഷരതാ ഭവൻ കേന്ദ്രീകരിച്ചാണ് ഫിറ്റ്നസ് സെന്റർ പ്രവർത്തിക്കുന്നത്. നരിക്കുനി കുടുംബശ്രീ സി.ഡി.എസ്സിനാണ് കേന്ദ്രത്തിന്റെ പ്രവർത്തന ചുമതല.
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.സലിം മുഖ്യാതിഥി ആയിരുന്നു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് സി.ഡി.പി.ഒ ബിന്ദു എൻ.പി. റിപ്പോർട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി, നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി പുല്ലൻകണ്ടിയിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഹരിദാസൻ ഈച്ചരോത്ത്, ജില്ലാ പഞ്ചായത്ത് അംഗം ഐ പി രാജേഷ്, വനിതാ കമ്മീഷൻ കമ്മീഷൻ അംഗം അഡ്വ.ഇന്ദിര രവീന്ദ്രൻ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജ അശോകൻ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മനോജ് കുമാർ എ.ടി നന്ദിയും പറഞ്ഞു.