പ്രളയമടക്കമുള്ള ദുരന്തങ്ങളെ നേരിടാന്‍ പ്രാപ്തമാക്കുന്നതിനായി മുകുന്ദപുരം, ചാലക്കുടി താലൂക്കുകളിലെ സന്നദ്ധസേന പ്രവർത്തകർക്ക് പരിശീലനം നൽകി. സന്നദ്ധസേന ഡയറക്ടറേറ്റിൻറേയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും നേതൃത്വത്തിലാണ് പരിശീലനം.
ദുരന്തസാധ്യതകൾ മുൻകൂട്ടി കണ്ട് പ്രതിരോധമാർഗം തയ്യാറാക്കുകയും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ സേനാംഗങ്ങളെ പ്രാപ്തരാക്കുകയുമാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. ദുരന്ത നിവാരണം, സന്നദ്ധസേവനം, പ്രഥമശുശ്രൂഷ, അഗ്നിരക്ഷ എന്നീ വിഷയങ്ങളിലാണ് പരിശീലനം.
നാല് സെഷനുകളിലായി നടന്ന പരിശീലനത്തിൽ ‘ദുരന്തനിവാരണ മുന്നൊരുക്കവും ലഘൂകരണവും’ എന്ന വിഷയത്തിൽ ഹസാർഡ് അനലിസ്റ്റ് സുസ്മി സണ്ണി, ‘പ്രളയത്തിലും തീപ്പിടുത്തിലും ഉള്ള രക്ഷാപ്രവർത്തനം’ എന്ന വിഷയത്തിൽ തൃശൂർ അഗ്നിരക്ഷാ സ്റ്റേഷനിലെ ഫയർ ഓഫീസർ ശ്യാം എം ജി എന്നിവർ ക്ലാസ്സെടുത്തു. ജീവൻ രക്ഷിക്കാൻ ആദ്യം നൽകേണ്ട പ്രഥമശ്രുശ്രൂക്ഷയെ കുറിച്ച് ഡോ. രേഖയും സന്നദ്ധ പ്രവർത്തനത്തെ കുറിച്ച് കില ഇൻറേൺ സ്നിജ ജോയും ക്ലാസുകൾ നയിച്ചു.
ആളൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിശീലന പരിപാടി ഡെപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം) കെ എസ് പരീത് ഉദ്ഘാടനം ചെയ്തു. മുകുന്ദപുരം താലൂക്ക് തഹസിൽദാർ ശാന്തകുമാരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചാലക്കുടി താലൂക്ക് തഹസിൽദാർ രാജു ഇ എൻ, ഡെപ്യൂട്ടി തഹസിൽദാർ ഒ ജി രാജൻ എന്നിവർ സംസാരിച്ചു.
രണ്ട് താലൂക്കുകളിൽ നിന്നായി 201 പേർ പരിശീലനത്തിൽ പങ്കെടുത്തു. പരിശീലനത്തിൽ പങ്കെടുത്ത എല്ലാവർക്കും സന്നദ്ധസേന പോർട്ടലിൽ നിന്ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ മറ്റ് താലൂക്കുകളിലെ സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകും. സന്നദ്ധ സേന പോർട്ടലിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് https://sannadhasena.kerala.gov.in/volunteerregistration വഴി ചെയ്യാം.