ആശാഭവനിൽ സന്ദർശകനായി സബ് കളക്ടർ രാമവർമപുരത്ത് പ്രവർത്തിക്കുന്ന സർക്കാർ വ്യദ്ധമന്ദിരത്തിൽ സന്ദർശകനായി സബ് കളക്ടർ. വാർദ്ധക്യത്തിന്റെ വിഷമതകൾ ചോദിച്ചറിഞ്ഞും സുഖവിവരങ്ങൾ തിരക്കിയും കുശലം പറഞ്ഞും സബ് കളക്ടർ മുഹമ്മദ് ഷഫീക്ക് അന്തേവാസികൾക്കൊപ്പം സമയം ചെലവിട്ടു. മലയാളിയല്ലാത്ത സബ് കളക്ടർ മലയാളത്തിൽ വിശേഷങ്ങൾ ചോദിച്ചതും അന്തേവാസികൾക്ക് കൗതുകമായി. ഒരോ അന്തേവാസിയുടെയും പ്രശ്നങ്ങൾ ക്ഷമയോടെ കേൾക്കുകയും പരിഹാരമാർഗങ്ങൾ സ്വീകരിക്കാൻ ആശാഭവൻ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. ആദ്യം സംസാരിക്കാൻ മടിച്ചുനിന്നവർ പിന്നീട് വ്യക്തിപരമായ വിഷമങ്ങൾ വരെ സബ് കളക്ടറുമായി പങ്കിട്ടു. ചോരാത്ത പഴയ വിപ്ലവ ഓർമ്മകളുമായി ഗാനമാലപിച്ച ചാഴൂർ സ്വദേശി വള്ളിയമ്മയുടെ ഗാനത്തിന് അഭിനന്ദനമറിയിക്കാനും സബ്കളക്ടർ മറന്നില്ല.നിലവിൽ 36 സ്ത്രീകളും 24 പുരുഷന്മാരുമാണ് മന്ദിരത്തിന്റെ സംരക്ഷണയിലുളളത്. മൂന്നു വർഷങ്ങൾക്കു മുൻപ് രാമവർമപുരം വ്യദ്ധ സദനത്തിൽ വച്ച് വിവാഹിതരായ കൊച്ചനിയൻ – ലക്ഷമിയമ്മാൾ ദമ്പതികളെ കൂട്ടി 4 ദമ്പതികൾ ഇപ്പോൾ ആശാ ഭവനിൽ ഉണ്ട്. കരകൗശല നിർമാണങ്ങളിലൂടെ വരുമാന മാർഗം നേടുന്ന തൃത്തല്ലൂർ സ്വദേശി വൽസലയും കൂർക്കഞ്ചേരി സ്വദേശി ശാന്തയും സബ് കളക്ടറോട് വിശേഷങ്ങൾ പങ്കുവെച്ചു. സ്വദേശമേതെന്നറിയാത്ത സംസാരശേഷിയില്ലാത്ത ബബി ആംഗ്യഭാഷയിലൂടെ കളക്ടറോട് വാചാലയായി. വൃദ്ധസദനത്തിലെ അധികൃതർ സമ്മാനിച്ച പേരാണ് ബബി.
