കടലിനേയും കടലാമയേയുoകുറിച്ച് കണ്ടും അറിഞ്ഞും കാക്കശ്ശേരി ഗവ. എൽപി സ്കൂളിലെ കുട്ടികൾ. തൃശ്ശൂർ ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന ‘സമേതം പദ്ധതി’യുടെ ഭാഗമായി എളവള്ളി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥികൾ കടൽ കാണാൻ ചാവക്കാട് കടപ്പുറത്തെത്തിയത്. കൺനിറയെ കടൽകണ്ട കുട്ടികൾക്ക് കടലിന്റെ പ്രത്യേകതകളെക്കുറിച്ചും കടലാമയെക്കുറിച്ചും പ്രകൃതിസ്നേഹിയുമായ എൻ ജെ ജെയിംസ് വിവരണം നൽകി.
കടപ്പുറത്തെ മണലിൽ കൂറ്റൻ കടലാമയുടെ ശില്പം നിർമിച്ചാണ് കുട്ടികൾ മടങ്ങിയത്. യുവശില്പി ജ്യോതി കുഞ്ഞുണ്ണിയാണ് ശില്പ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. കുട്ടികൾക്ക് പഠന യാത്രകളിലൂടെ അറിവ് നൽകുകയെന്ന ലക്ഷ്യത്തോടെയാണ് എളവള്ളി ഗ്രാമപഞ്ചായത്ത് സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് രൂപം നൽകിയത്.
കടലും കടലാമയും പദ്ധതി എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപ് അധ്യക്ഷയായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ മുഖ്യാതിഥിയായിരുന്നു. ഗ്രീൻ ഹാബിറ്റേറ്റ് എക്സിക്യുട്ടീവ് ഡയറക്ടർ എൻ ജെ ജെയിംസ് കുട്ടികൾക്ക് ക്ലാസ്സെടുത്തു. ജനപ്രതിനിധികളായ ലീന ശ്രീകുമാർ, കെ ഡി വിഷ്ണു, എൻ ബി ജയ, ടി സി മോഹനൻ, ഷാലി ചന്ദ്രശേഖരൻ, രാജി മണികണ്ഠൻ, സീമ ഷാജു, ജീന അശോകൻ, ചിത്രകാരൻ ബെന്നി കെ പോൾ, ഇരട്ടപ്പുഴ മഹാത്മ കടലാമ സംരക്ഷണ സമിതി പ്രസിഡണ്ട് ആർ വി ഫഹദ്, ഹെഡ്മാസ്റ്റർ കെ സജീന്ദ്രമോഹൻ, അധ്യാപകരായ പ്രിൻസി തോമസ്, ജിനി പോൾ, നിജി ജോസഫ്, പി എസ് മോളി എന്നിവർ പങ്കെടുത്തു.