വയനാട് ജില്ലയില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയും സംരംഭങ്ങള്‍ നടത്തുന്നവരുടെയും പ്രശ്നങ്ങളും പരാതികളും നേരില്‍ കേള്‍ക്കാന്‍ വ്യവസായ- നിയമ-കയര്‍ വകുപ്പു മന്ത്രി പി.രാജീവ് ജില്ലയിലെത്തുന്നു. തിങ്കളാഴ്ച്ച (നവംബര്‍ 21 ) രാവിലെ 10 മുതല്‍ 12 വരെ കല്‍പ്പറ്റ ഹോട്ടല്‍ ഇന്ദ്രിയ ഹാളില്‍ നടക്കുന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയിലാണ് മന്ത്രി സംരംഭകരെ നേരില്‍ കേള്‍ക്കുക. വ്യവസായ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മന്ത്രി സംരംഭകരുമായി സംവദിക്കും. പരാതികളും പ്രശ്നങ്ങളും മന്ത്രിയെ നേരിട്ട് അറിയിക്കാം. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ജില്ലാ കളക്ടര്‍ എ.ഗീത, കെ.എസ്.ഇ.ബി, പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ലേബര്‍, ലീഡ് ബാങ്ക്, ഫയര്‍ ആന്റ് സേഫ്റ്റി, മൈനിങ്ങ് ആന്റ് ജിയോളജി തുടങ്ങിയ വിവിധ വകുപ്പുകളുടെ മേധാവികളും ബാങ്ക് പ്രതിനിധികളും മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ പങ്കെടുക്കും.വ്യവസായ വകുപ്പ് മന്ത്രിയായ ശേഷം ആദ്യമായി വയനാടില്‍ എത്തുന്ന മന്ത്രി ജില്ലയിലെ എം.എല്‍.എമാരുമായും വിവിധ വികസന സാധ്യതകളും സംരംഭ സാധ്യതകളും വിലയിരുത്തും. വിവിധ മേഖലകളില്‍ നിക്ഷേപം നടത്തിയിട്ടുള്ളവരും വിവിധ സംരംഭങ്ങള്‍ നടത്തുന്നവരുമായും മന്ത്രി പ്രത്യേകം കൂടിക്കാഴ്ച നടത്തും. വൈകീട്ട് മാധ്യമങ്ങളെയും മന്ത്രി കാണും.