വിപുലമായ പരിപാടികളോടെ ജില്ലാതല അക്ഷയ വാര്‍ഷികാഘോഷവും കുടുംബ സംഗമവും നടന്നു. മൈലപ്ര സാംസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍ നിര്‍വഹിച്ചു. ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍ എസ്.എസ്. സുധീര്‍ അധ്യക്ഷത വഹിച്ചു. 2002 നവംബര്‍ 18 ന് തുടക്കമിട്ട അക്ഷയ പദ്ധതി 20 വര്‍ഷം പിന്നിട്ടു കഴിഞ്ഞു. ഇതിനോട് അനുബന്ധിച്ചു സംസ്ഥാന വ്യാപകമായി നടന്നു വരുന്ന ആഘോഷ പരിപാടികളുടെ ഭാഗമായാണ് ജില്ലയില്‍ വാര്‍ഷികാഘോഷവും, കുടുംബ സംഗമവും സംഘടിപ്പിച്ചത്. ചടങ്ങില്‍ ജില്ലയിലെ മികച്ച സംരംഭകര്‍ക്ക് ഉപഹാരം നല്‍കി. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലും മികച്ച രീതിയില്‍ അക്ഷയ കേന്ദ്രം പ്രവര്‍ത്തിപ്പിക്കുന്ന സംരംഭകരെയും, മുതിര്‍ന്ന പൗരന്‍മാരായ സംരംഭകരെയും ചടങ്ങില്‍ ആദരിച്ചു.

ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, അഡിഷണല്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ നിജു എബ്രഹാം, ജില്ലാ ഐടി സെല്‍ കോ – ഓര്‍ഡിനേറ്റര്‍ അജിത് ശ്രീനിവാസ്, ഐടി മിഷന്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് പ്രതിനിധി ഷൈന്‍ ജോസ്, ഐടി മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ കെ. ധനേഷ്, ന്യൂ ഇന്ത്യ അഷ്വറന്‍സ് ജനറല്‍ മാനേജര്‍ ലജു. ടി. മാത്യു, സി.എസ്.സി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ജിനോ ചാക്കോ, ഐ.കെ.എം ടെക്‌നിക്കല്‍ ഓഫീസര്‍ അരുണ്‍ കുമാര്‍, സി.എസ്.സി ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ കാര്‍ത്തിക് ചന്ദ്രന്‍, അക്ഷയ  അസിസ്റ്റന്റ് പ്രൊജക്റ്റ് കോ. ഓര്‍ഡിനേറ്റര്‍ എസ്. ഷിനു, തുടങ്ങിയവര്‍ പങ്കെടുത്തു.