അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് സർക്കാർ തൊഴില്‍ ഉറപ്പ് വരുത്തുമെന്നും സർക്കാരിന്റെ അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് തൊഴില്‍ മേളകളെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച നിയുക്തി ജോബ് ഫെയർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വകാര്യ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൃത്യമായി എത്തിക്കുക എന്നതാണ് ഇത്തരം മേളകളിലൂടെ ലക്ഷ്യമിടുന്നത്. തൊഴില്‍ എന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇതിനായി പ്രത്യേക പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. നാട്ടില്‍ തന്നെ തൊഴിലെടുക്കാനുള്ള സാഹചര്യം പരമാവധി ഉണ്ടാക്കുന്നതിന് സർക്കാർ ശ്രമിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം നടത്തിയ ജോബ് ഫെസ്റ്റ് മികച്ചതായിരുന്നു. അന്ന് ഇവിടെ പങ്കെടുത്തിരുന്ന 1117 പേര്‍ക്ക് വ്യത്യസ്ത കമ്പനികളില്‍ ജോലി ലഭിച്ചെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു. മലബാർ ക്രിസ്ത്യൻ കോളേജിൽ നടന്ന പരിപാടിയിൽ ജില്ലാ എംപ്ലോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ സി രമ, വാർഡ് കൗൺസിലർ കെ റംലത്ത്, കോളേജ് പ്രിൻസിപ്പൽ ഡോ സച്ചിൻ പി ജെയിംസ്, ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ എം ആർ രവികുമാർ, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ പി രാജീവ് എന്നിവർ പങ്കെടുത്തു.