വിദേശ റിക്രൂട്മെന്റുമായി ബന്ധപ്പെട്ട ഒഡെപെക്കിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. താജ് ഹോട്ടലിൽ സംഘടിപ്പിച്ച ഒഡെപെക്ക് ഇന്‍റര്‍നാഷണല്‍ എജ്യൂക്കേഷന്‍ എക്സ്പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ രാജ്യങ്ങളിലെ ഉപരി പഠന- തൊഴില്‍ സാധ്യതകളെക്കുറിച്ച് മനസിലാക്കാനുള്ള അവസരമാണ് ഒഡെപെക്ക് എക്സ്പോയിലൂടെ ഒരുക്കുന്നത്. യു.എസ്.എ, ഓസ്ട്രേലിയ, യു.കെ., കാനഡ, ന്യൂസിലാന്‍ഡ്, ജര്‍മനി, സ്വിറ്റ്സര്‍ലാന്‍ഡ്, അയര്‍ലന്‍ഡ്, ഫ്രാന്‍സ്, എന്നീ ഒന്‍പത് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നാല്‍പ്പതില്‍പ്പരം യൂണിവേഴ്സിറ്റികളുടെ പ്രതിനിധികൾ ഇതുവരെ എക്സ്പോകളില്‍ പങ്കെടുത്തു കഴിഞ്ഞു.
നിലവിൽ ഉപരിപഠനത്തിനായി വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ അനുയോജ്യമായ കോഴ്സ്, യൂണിവേഴ്സിറ്റികള്‍ എന്നിവ തെരഞ്ഞെടുക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍, വിസ പ്രോസസിംഗുമായി ബന്ധപ്പെട്ട സേവനങ്ങള്‍, അഡ്മിഷന് മുന്നോടിയായുള്ള പരിശീലനം, വിദേശഭാഷാ പരിശീലനം തുടങ്ങിയ സേവനങ്ങള്‍ ഒഡെപെക്ക് ലഭ്യമാക്കും. കൂടാതെ വിദേശത്ത് എത്തിയ ശേഷം എയര്‍പോര്‍ട്ട് പിക്ക് അപ്പ്, സിറ്റി ഓറിയന്‍റേഷന്‍, അക്കോമൊഡേഷന്‍ സര്‍വീസസ് തുടങ്ങിയവും നല്‍കും.
എക്സ്പോയിലൂടെ സ്പോട്ട് അഡ്മിഷന് അര്‍ഹരായവര്‍ക്ക് സ്കോളര്‍ഷിപ്പ് ലഭ്യമാക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും. ഇതിന് പുറമേ ഗവണ്‍മെന്‍റിന്‍റെ വിവിധ വകുപ്പുകളുടെ കീഴിലുള്ള പദ്ധതികളെക്കുറിച്ച് മനസിലാക്കി സാമ്പത്തിക കാര്യങ്ങളില്‍ ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നേടാനും സാധിക്കും.
ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഒഡെപെക്ക് ചെയർമാൻ അഡ്വ കെ പി അനിൽ കുമാർ, ഒഡെപെക്ക് മാനേജിംഗ് ഡയറക്ടർ കെ എ അനൂപ്, വിദ്യാർത്ഥികൾ രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.