വയനാട്ടിലെ കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്കിന്റെ നടപടികള്‍ വേഗത്തിലാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കല്‍പ്പറ്റ ഓഷിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ വ്യവസായികളുമായുള്ള മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 20 ഏക്കര്‍ സ്ഥലത്താണ് ആദ്യഘട്ടത്തില്‍ കോഫി പാര്‍ക്ക് ആസൂത്രണം ചെയ്യുക. പ്രകൃതി, ജനത, വ്യവസായം എന്നതിലാണ് സര്‍ക്കാരിന്റെ പുതിയ വ്യവസായനയം രൂപപ്പെടുന്നത്.

ഗതാഗതമാര്‍ഗ്ഗങ്ങളുടെ വിപുലീകരണം തുടങ്ങി വ്യവസായ സംരഭകര്‍ക്കുള്ള സൗകര്യം ഉറപ്പാക്കും. തോട്ടഭൂമികളില്‍ അഞ്ച് ശതമാനം കാര്‍ഷികാധിഷ്ഠിത വ്യവസായം തുടങ്ങുന്നതിനുള്ള അനുമതി ജില്ലയില്‍ പ്രയോജനപ്പെടുത്തണം. ഒരു ലക്ഷം സംരംഭങ്ങളുടെ പട്ടികയില്‍ 25 ശതമാനത്തോളം പുതിയ സംരംഭങ്ങള്‍ വനിതകളുടെ ഭാഗത്ത് നിന്നാണ് ഉയര്‍ന്നുവരുന്നത്. മൂല്യവര്‍ദ്ധിത ഉത്പന്നനിര്‍മ്മാണം തുടങ്ങിയ വ്യവസായ യൂണിറ്റുകള്‍ സ്ത്രീശാക്തീകരണത്തിന്റെയും നേരടയാളങ്ങളാണ്. ഇന്ത്യയില്‍ ആദ്യമായി പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിച്ചത് കേരളത്തിലാണ്. വ്യവസായ പുരോഗതിക്കായി റവന്യു, വനം, വ്യവസായ വകുപ്പുകള്‍ ചേര്‍ന്ന് ഏകജാലക സംവിധാനം നടപ്പാക്കും. തോട്ടം മേഖലയിലെ തൊഴിലാളികളുടെ ലയങ്ങളുടെ നവീകരണത്തിന് പത്ത് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ടൂറിസം വ്യവസായമായി പ്രഖ്യാപിക്കണം, ജില്ലയിലെ റോഡുമാര്‍ഗ്ഗമുള്ള അന്തര്‍ സംസ്ഥാന, ജില്ലാ ഗതാഗതത്തിന്റെ വെല്ലുവിളികള്‍ പരിഹരിക്കണം, വൈദ്യുത നിരക്കുകളുടെ ഏകീകരണം വേണം, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയവയില്‍ നിന്നും ലഭ്യമാകുന്ന വിവിധ ലൈസന്‍സുകളുടെ കാലവാധി ദീര്‍ഘിപ്പിക്കണം, ടെക്‌നോളജി ടൂറിസത്തിന്റെ അനിവാര്യത, കൃഷി ഉത്പന്നങ്ങളുടെ കയറ്റുമതിയിലെ വെല്ലുവിളികള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ വ്യവസായ സംരംഭകര്‍ മുഖാമുഖത്തില്‍ മന്ത്രിയുമായി പങ്കുവെച്ചു. ഇക്കാര്യങ്ങള്‍ പരിശോധിക്കുമെന്ന് മന്ത്രി പി.രാജീവ് മറുപടി നല്‍കി.
വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, കെ.എസ്.ഐ.ഡി.സി ജനറല്‍മാനേജര്‍ ജി.അശോക് ലാല്‍, കിന്‍ഫ്ര ജനറല്‍ മാനേജര്‍ സന്തോഷ്‌കോശി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജര്‍ ലിസിയാമ്മ സാമുവല്‍ , വിവിധ വ്യവസായ സംരംഭകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.