ലോക ഫിഷറീസ് ദിനത്തോടനുബന്ധിച്ച് മത്സ്യകൃഷി പരിശീലനവും മത്സ്യകര്‍ഷക ക്ലബ് പുനരുദ്ധാരണവും നടത്തി. ഫിഷറീസ് വകുപ്പ്, ചാലക്കുടി മത്സ്യഭവന്‍, മാള ബ്ലോക്ക്, പൊയ്യ ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ‘മത്സ്യകൃഷി എങ്ങനെ ലാഭകരമാക്കാം’ എന്ന വിഷയത്തില്‍ ചാലക്കുടി മത്സ്യഭവന്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജിബിന എംഎം കര്‍ഷകര്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കി. മത്സ്യകൃഷി വായ്പകള്‍, സബ്‌സിഡി എന്നിവയെ കുറിച്ചും ക്ലാസുകള്‍ നടന്നു. 150 കര്‍ഷകര്‍ പരിശീലന പരിപാടിയുടെ ഭാഗമായി. പൊയ്യ പഞ്ചായത്തില്‍ മത്സ്യകൃഷിയിലെ വിവിധ വിഭാഗങ്ങളില്‍ വിജയം കണ്ടെത്തിയ 62 കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. പൂപ്പത്തി എസ്എന്‍ഡിപി ഹാളില്‍ നടന്ന ചടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.