അയ്യന്തോൾ ഇലക്ട്രിക്കൽ സബ് ഡിവിഷൻ സെക്ഷൻ ഓഫീസിന് പുതിയ മന്ദിരം

വൈദ്യുതി ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. തടസമില്ലാതെ വൈദ്യുതി എല്ലാ സ്ഥലങ്ങളിലും എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തൃശൂർ ഇലക്ട്രിക്കൽ സർക്കിളിലെ ഈസ്റ്റ് ഡിവിഷന് കീഴിലുള്ള അയ്യന്തോൾ ഇലക്ട്രിക്കൽ സബ് ഡിവിഷൻ സെക്ഷൻ ഓഫീസ് പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെഎസ്ഇബി വകുപ്പിൽ ഇ-സേവനം കാര്യക്ഷമാക്കുന്ന നടപടികൾ സ്വീകരിക്കും. കേരളത്തിൽ ഹൈഡ്രൽ പ്രൊജക്ട് നടപ്പാക്കാനുള്ള ഒരുപാട് സാധ്യതകൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പുല്ലഴി 110 കെ വി സബ്സ്റ്റേഷന്റെ എതിർവശത്ത് കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പുതിയ കെട്ടിടം. 77 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. 225.4 ചതുരശ്രമീറ്റർ വിസ്തൃതിയിൽ രണ്ട് നിലകളിലായാണ് ഓഫീസ് മന്ദിരം. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ സെക്ഷൻ ഓഫീസിന്റെ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് കെട്ടിടം സജ്ജീകരിച്ചിട്ടുള്ളത്.

1957ൽ രൂപീകൃതമായത് മുതൽ ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസും സെക്ഷൻ ഓഫീസും വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. കോർപ്പറേഷനിലെ 13 ഡിവിഷനുകൾ ഈ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ വരുന്നു. കലക്ട്രേറ്റ്, വിവിധ കോടതികൾ, ജില്ലാ പഞ്ചായത്ത് ഓഫീസ് തുടങ്ങി സർക്കാർ ഓഫീസുകളും വ്യവസായ-വാണിജ്യ-പാർപ്പിട സമുച്ചയങ്ങളും വിശാലമായ കോൾപടവുകളുമടക്കം 21 ചതുരശ്ര കിലോമീറ്റർ ഭൂവിസ്തൃതിയുള്ള അയ്യന്തോൾ ഇലക്ട്രിക്കൽ സെക്ഷനിൽ 21800 ഉപഭോക്താക്കളാണുള്ളത്.

പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേയർ എം കെ വർഗീസ് മുഖ്യാതിഥിയായി. ചീഫ് എൻജിനീയർ ജെയിംസ് ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി കെ ഷാജൻ, ലാലി ജെയിംസ്, കൗൺസിലർമാരായ കെ രാമനാഥൻ, ഡോ.വി ആതിര, കെഎസ്ഇബി ഡയറക്ടർ സി സുരേഷ് കുമാർ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ എം എ പ്രവീൺ, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.