“മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള നിയമം 2007” സംബന്ധിച്ചുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ടി മഞ്ജിത് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും വയോജന ക്ഷേമ സന്ദേശം നൽകുകയും ചെയ്തു.

സാമൂഹ്യനീതി വകുപ്പിന്റെയും മെയിന്റനൻസ് ട്രൈബ്യൂണൽ ഇരിങ്ങാലക്കുട, മെയിന്റനൻസ് ട്രൈബ്യൂണൽ തൃശൂരിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്ലാസുകൾ നടന്നത്. ഹൈക്കോടതി അഭിഭാഷകൻ അഡ്വ.റെബിൻ ഗ്രാലൻ ക്ലാസ് നയിച്ചു.

“വയോജനക്ഷേമം-മെയിന്റനൻസ് ട്രൈബ്യൂണലുകളുടെ പ്രവർത്തനം-പങ്ക്” എന്ന വിഷയത്തിൽ ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ ടെക്നിക്കൽ അസിസ്റ്റന്റ് മാർഷൽ സി രാധാകൃഷ്ണനും

“സാമൂഹ്യനീതി വകുപ്പ്-വയോജന ക്ഷേമ പദ്ധതികൾ-സേവനങ്ങൾ” എന്ന വിഷയത്തിൽ തൃശൂർ മെയിന്റനൻസ് ട്രൈബ്യൂണൽ ടെക്നിക്കൽ അസിസ്റ്റന്റ് ബിനി സെബാസ്റ്റ്യനും ക്ലാസ് നയിച്ചു. ജില്ലയിലെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി പാരാ ലീഗൽ വൊളന്റീയർമാർ, ആരോഗ്യ വകുപ്പ് ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർക്കായാണ് ക്ലാസ് നടന്നത്.

ജില്ലാ സാമൂഹ്യനീതി ഓഫീസർ പി എച്ച് അസ്ഗർഷ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാമൂഹ്യനീതി വകുപ്പ് ജൂനിയർ സൂപ്രണ്ട് സിനോ സേവി, സെക്ഷൻ ക്ലർക്ക് എം പ്രദീപ്, ഓർഫനേജ് കൗൺസിലർ പി എസ് സുജ, എൽഡർ ലൈൻ എഫ്ആർഒ ജി സജിനി എന്നിവർ സംസാരിച്ചു.