ഡെങ്കിപനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നവംബർ 26, 27 തിയതികളിൽ ഡ്രൈഡേ ആചരിക്കാൻ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്. പി വെമ്പല്ലൂർ കുടുംബാരോഗ്യ കേന്ദ്രവുമായി സഹകരിച്ചാണ് ഡ്രൈഡേ ആചരിക്കുന്നത്. ഡെങ്കിപനി പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആക്ഷൻപ്ലാൻ തയ്യാറാക്കാൻ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

സബ്ബ് സെൻ്റർ കേന്ദ്രീകരിച്ച് വാർഡ് തല യോഗങ്ങൾ ചേരും. കൂടാതെ വെള്ളിയാഴ്ചകളിൽ വിദ്യാലയങ്ങളിലും ശനിയാഴ്ചകളിൽ സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും ഡ്രൈഡേ ആചരിക്കും. കാനകളിലേക്കും ജലാശയങ്ങളിലേക്കും മലിനജലം ഒഴുക്കുന്നത് തടയാനും അത്തരക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ്  എം എസ്  മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് സി സി ജയ,  വികസനകാര്യ ചെയർമാൻ കെ എ അയ്യൂബ്, ക്ഷേമകാര്യ ചെയർമാൻ മിനി പ്രദീപ്, സെക്രട്ടറി രഹന പി ആനന്ദ്, മെഡിക്കൽ ഓഫീസർ ജുബിൽ ദേവ്, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.