സംസ്ഥാന സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന സമഗ്ര നാളികേര വികസന പദ്ധതി കേരഗ്രാമം പദ്ധതിക്ക്‌ കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു.

നാളികേര ഉല്‍പാദനം ശാസ്ത്രീയമായി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് വർഷങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ 100 ഹെക്ടർ കൃഷിയിടത്തിലാണ് പദ്ധതിയുടെ ഭാഗമായി സഹായം ലഭിക്കുക. ഒന്നാം ഘട്ടത്തിൽ പദ്ധതിക്കായി 25.67 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
രോഗം ബാധിച്ച തെങ്ങുകൾ മുറിച്ചുമാറ്റി പകരം ഗുണമേന്മയുള്ള തൈകൾ നടൽ, തെങ്ങിൻ തൈ വിതരണം, തെങ്ങിന് തടം തുറക്കാൻ സഹായം, സബ്സിഡി നിരക്കിൽ രാസ-ജൈവ വളം നൽകൽ, പമ്പ് സെറ്റ് അടക്കമുള്ള ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കൽ, തെങ്ങുകയറ്റത്തിനുള്ള യന്ത്രങ്ങൾ നൽകൽ, ഇടവിള കൃഷിക്കാവശ്യമായ സഹായങ്ങൾ നൽകൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുക.

ചടങ്ങിൽ കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ തോമസ് സാമുവൽ പദ്ധതി വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എൻ കൃഷ്ണകുമാർ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ വിജി ബിജു, പഞ്ചായത്ത് അംഗങ്ങളായ പ്രിയ രഘു, സിമി ടിജോ, എം.വി സത്യൻ, ടി.എൻ ഷൺമുഖൻ, പഞ്ചായത്ത് തല കേര സമിതി പ്രസിഡൻ്റ് ആൻ്റു തളിയൻ, അങ്കമാലി കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ബി.ആർ. ശ്രീലേഖ, കൃഷി ഓഫീസർ കെ.എസ്. സിമി വിവിധ കേരസമിതി അംഗങ്ങൾ, വിവിധ കാർഷിക സമിതി പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.