സ്വന്തമായി ഭൂമിയെന്ന ചിരകാല സ്വപ്നം സാക്ഷാത്കരിച്ച് ചിറയിന്‍കീഴ് താലൂക്കിലെ 124 കുടുംബങ്ങള്‍. താലൂക്ക് പട്ടയമേളയും താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററും റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. ചിറയിന്‍കീഴ്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ 124 പട്ടയങ്ങളും മന്ത്രി ചടങ്ങില്‍ വിതരണം ചെയ്തു.
ഡിജിറ്റല്‍ റീസര്‍വ്വേ നടപടികള്‍ നാലുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 54,535 പട്ടയങ്ങളാണ് ഭൂരഹിതര്‍ക്ക് വിതരണം ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ താലൂക്ക് എമര്‍ജന്‍സി സെന്ററില്‍ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ഒ. എസ് അംബിക എം. എല്‍. എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി. ശശി എം.എല്‍.എ, ആറ്റിങ്ങല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. കുമാരി, ചിറയിന്‍കീഴ് ബ്ലോക്ക് പ്രസിഡന്റ് ജയശ്രീ പി. സി, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, തഹസില്‍ദാര്‍ ടി.വേണു തുടങ്ങിയവരും പങ്കെടുത്തു.