എറണാകുളം ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന നൈപുണ്യ നഗരം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നവംബര്‍ 25 വെള്ളിയാഴ്ച രാവിലെ പത്തിന് വരാപ്പുഴ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ് അധ്യക്ഷത വഹിക്കും.

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത നല്‍കുന്ന സൗജന്യ പരിശീലന പദ്ധതിയാണ് നൈപുണ്യ നഗരം. സ്മാര്‍ട്ട് ഫോണുകള്‍, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുന്നതിലെ അറിവില്ലായ്മ മൂലം ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്ക് ആധുനിക വാര്‍ത്ത വിനിമയ സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിനാണ് പദ്ധതിയുടെ ഏകോപന ചുമതല. ഐ.എച്ച്.ആര്‍.ഡി. യുടെ എറണാകുളം റീജിയണല്‍ സെന്ററാണ് പരിശീലനം നല്‍കുന്നത്.

82 ഗ്രാമപഞ്ചായത്തുകളിലെയും 13 നഗരസഭകളിലെയും 50 വീതം വയോജനങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ അധിഷ്ഠിത ഉപകരണങ്ങളില്‍ പരിജ്ഞാനം നല്‍കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ജില്ലയിലെ 95 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 4750 പേര്‍ക്ക് ഇത്തരത്തിൽ പരിശീലനം നൽകും. 41.30 ലക്ഷം രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 38 ലക്ഷം രൂപ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കും. ഏകോപനത്തിന്റെ ചെലവായ 3.30 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് വിഹിതം.