വ്യവസായ വകുപ്പും പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച സംരംഭകത്വ ബോധവല്‍ക്കരണ ശില്‍പ്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു ഉദ്ഘാടനം ചെയ്തു. സംരംഭകത്വ വര്‍ഷത്തിന്റെ ഭാഗമായി ബ്ലോക്ക് പരിധിയില്‍ 270 സംരംഭങ്ങളാണ് പുതുതായി രജിസ്റ്റര്‍ ചെയ്തതെന്ന് പ്രസിഡന്റ് പറഞ്ഞു.

പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സണ്‍ വി. പോള്‍ അധ്യക്ഷത വഹിച്ചു. ‘പുതുസംരംഭങ്ങള്‍ പദ്ധതികള്‍, സാധ്യതകള്‍’ എന്ന വിഷയത്തില്‍ നടത്തിയ ബോധവല്‍ക്കരണ ക്ലാസിന് വ്യവസായ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എസ്. ചന്ദ്രന്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ വ്യവസായ വകുപ്പ് മുഖേന നടപ്പിലാക്കുന്ന സബ്‌സിഡി പദ്ധതിയിലൂടെ ആരംഭിച്ച സംരംഭങ്ങള്‍ക്കുള്ള സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്തു.

സ്ഥിരം സമിതി അധ്യക്ഷരായ പി.എസ്. വിജയകുമാരി, എല്‍സി ടോമി, അംഗങ്ങളായ സിബി ജോര്‍ജ്, കുഞ്ഞുമോന്‍ ഫിലിപ്പ്, താലൂക്ക് വ്യവസായ വികസന ഓഫീസര്‍ പ്രിയ പോള്‍, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ബൈജു ടി. പോള്‍, വ്യവസായ വികസന ഓഫീസര്‍ എ.എച്ച്. ഷെമി, ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍ കെ.കെ. രവി, പഞ്ചായത്ത് തല വ്യവസായ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.