അഴിമതിക്ക് കൂട്ടുനിന്ന ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ ജീവിതത്തില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ വരച്ചുകാട്ടി വിജിലന്‍സിന്റെ ബോധവത്ക്കരണ നാടകം ”സിവില്‍ ഡെത്ത്” ജില്ലയില്‍ അവതരിപ്പിച്ചു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അഭിനേതാക്കളായെത്തിയ നാടകം ബത്തേരി നഗരസഭാ ഓഡിറ്റോറിയം, കല്‍പ്പറ്റ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാള്‍ എന്നിവിടങ്ങളില്‍ അരങ്ങേറി.
തന്റെ കുടുംബത്തിന്റെ പ്രേരണയാല്‍ കൈക്കൂലി വാങ്ങി വിജിലന്‍സ് പിടികൂടിയതിനുശേഷമുള്ള ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ അവസ്ഥകളെയാണ് ”സിവില്‍ ഡെത്ത്” എന്ന നാടകത്തിലൂടെ അനാവരണം ചെയ്യുന്നത്. അഴിമതിക്കെതിരെയുള്ള ചൂണ്ടുവിരലാണ് സംസ്ഥാന വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ നടത്തിയ ബോധവത്ക്കരണ നാടകം. ജീവനക്കാര്‍തന്നെ അഭിനേതാക്കളായ നാടകം സംസ്ഥാനതലത്തില്‍ ഒട്ടേറെ വേദികള്‍ പിന്നിട്ടാണ് വയനാട്ടിലെത്തിയത്. അഴിമതി ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും അഴിമതി എന്ന വിപത്തിനെതിരെ പോരാടാനുള്ള ആഹ്വാനവുമാണ് നാടകം പങ്കുവെച്ചത്.
സംസ്ഥാന വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ യൂണിറ്റിലെ ജീവനക്കാരായ ദീപക് ജോര്‍ജ്, കെ. നജുമുദ്ധീന്‍, എം. ഷറഫുദ്ദീന്‍, സിബി പോള്‍, എസ്. വിജയകുമാര്‍, എസ്. ഗിരീഷ്‌കുമാര്‍, ആര്യ ദേവി, ഷീബ കുമാരി, കെ.പി ശ്രീജിത്ത്, ജി.ജെ ഹരികൃഷ്ണന്‍, സെയ്ന്‍ എസ് ദേവന്‍ തുടങ്ങിയ 11 പേരാണ് നാടകത്തിന് ചുക്കാന്‍ പിടിച്ചത്.
സംസ്ഥാന വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ യൂണിറ്റ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ ആശയത്തില്‍ നിന്നാണ് ”സിവില്‍ ഡെത്ത് എന്ന ബോധവത്ക്കരണ നാടകം പിറവിയെടുത്തത്. നാടകത്തിന്റെ സംവിധാനം ഹസീം അമരവിളയും രചന കെ. നജുമുദ്ധീനുമാണ് നിര്‍വ്വഹിച്ചത്.
വിജിലന്‍സ് ഡി.വൈ.എസ്.പി ഷാജി വര്‍ഗീസ്, ഇന്‍സ്‌പെകടര്‍മാരായ ടി. മനോഹരന്‍, എ.യു ജയപ്രകാശ്, എ.എസ്.ഐമാരായ കെ.പി പ്രദീപ്, കെ.പി സുരേഷ്, സി.പി.ഒ മാരായ എം.ഡി. ധനേഷ്, വി.എ ഷാജഹാന്‍, ക്ലര്‍ക്ക് പി.എസ് സാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കാണികളായെത്തി.